വൈക്കം സത്യഗ്രഹ ശതാബ്ദി: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദ്ഘാടനം ചെയ്യും.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷങ്ങൾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി ഏപ്രിൽ ഒന്നിന് വൈക്കത്ത് ഉദ്ഘാടനം ചെയ്യും. 603 ദിവസം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് 2023 ഏപ്രിൽ ഒന്നിന് വൈക്കത്ത് തിരി തെളിയും. 603 ദിവസം നീണ്ടുനിന്ന സത്യഗ്രഹത്തിന്റെ സ്മരണാർത്ഥമാണ് സംസ്ഥാനസർക്കാർ 2023 ഏപ്രിൽ ഒന്നു മുതൽ 2025 നവംബർ 23 വരെ നീളുന്ന 603 ദിവസത്തെ വ്യത്യസ്ത ആഘോഷ പരിപാടികൾക്ക് രൂപം നൽകിയിട്ടുള്ളത്.
സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിലേക്കു ക്ഷണിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ചു നൽകിയ കത്ത് സാംസ്കാരിക മന്ത്രി, തമിഴ്നാട് മുഖ്യമന്ത്രിക്കു കൈമാറി. ക്ഷണം സ്വീകരിക്കുന്നതായും കേരളത്തിൽ ഒരു ദിവസം ചിലവഴിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെന്നും കൂടിക്കാഴ്ചയിൽ എം കെ സ്റ്റാലിൻ അറിയിച്ചു. വൈക്കത്ത് തമിഴ്നാടിന്റെ ഉടമസ്ഥതയിലുളള വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ സ്മാരക വിപുലീകരണം, കേരള തമിഴ്നാട് സാംസ്കാരികവിനിമയ പദ്ധതി തുടങ്ങിയവ സംബന്ധിച്ച നിവേദനങ്ങൾ സജി ചെറിയാൻ എം കെ സ്റ്റാലിന് നൽകി. രണ്ടു കാര്യങ്ങളിലും അനുഭാവപൂർണ്ണമായ സമീപനം അദ്ദേഹം ഉറപ്പു നൽകി. മുൻ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ ടി.ആര് ബാലു എം.പിയും ചർച്ചകളിൽ പങ്കെടുത്തു. സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കൻ, ചെന്നൈയിലെ നോർക്കയുടെ ഡവലപ്മെന്റ് ഓഫീസർ അനു പി ചാക്കോ എന്നിവരും സാംസ്കാരിക വകുപ്പ് മന്ത്രിക്കൊപ്പം ചർച്ചകളിൽ പങ്കെടുത്തു.
- Log in to post comments