Skip to main content

ചേര്‍ത്തല നഗരസഭാ ബജറ്റ്: ദ്രവമാലിന്യ സംസ്‌കരണത്തിനും വാതില്‍പ്പടി സേവനത്തിനും ഊന്നല്‍

 

ആലപ്പുഴ: ദ്രവമാലിന്യ സംസ്‌കരണത്തിനും നഗരസഭാ സേവനം വാതില്‍ പടിക്കലെത്തിക്കുന്നതിനും  മുന്‍ഗണന നല്‍കി ചേര്‍ത്തല നഗരസഭാ ബജറ്റ്. 83.68 കോടി രൂപ വരവും 80.75 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ ടി. എസ്. അജയകുമാര്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റില്‍ വിഭാവനം ചെയ്ത ബഹുഭൂരിപക്ഷം കാര്യങ്ങളും നടപ്പാക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിക്കണമെന്ന് നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ പറഞ്ഞു.

ചേലൊത്ത ചേര്‍ത്തല പദ്ധതിയുടെ തുടര്‍ച്ചയായി ചേലൊത്ത ചേര്‍ത്തല 2.0 പദ്ധതി നടപ്പാക്കും. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന ഖരമാലിന്യ സംസ്‌കരണത്തോടൊപ്പം ദ്രവമാലിന്യ സംസ്‌കരണത്തിനും ഊന്നല്‍ നല്‍കുന്നത്. അരക്കോടി രൂപയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. ഭക്ഷണ പാദര്‍ത്ഥങ്ങള്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുന്നതുപോലെ വീട്ടിലിരുന്ന് നഗരസഭാ സേവനങ്ങള്‍ ഓണ്‍ലൈനായും ഫോണിലൂടെയും ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനമാണ് അടുത്ത വര്‍ഷം വിഭാവനം ചെയ്യുന്ന പ്രധാന പദ്ധതി. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തുന്ന ഈ പദ്ധതിയിലൂടെ നിശ്ചിത ഫീസ് നല്‍കി ആളുകള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. ഫീസ് നല്‍കാന്‍ കഴിയാത്ത വിഭാഗങ്ങള്‍ക്കുള്ള പണം നഗരസഭ നല്‍കും. ഈ പദ്ധതിക്കായി മൂന്ന് ലക്ഷം രൂപ വകയിരുത്തി. 

കുടിവെള്ള വിതരണത്തിന് 2.73 കോടി, കാര്‍ഷിക മേഖലയ്ക് 2.86 കോടി, മൃഗ സംരക്ഷണം - ക്ഷീര വികസനം 1.75 കോടി, നഗരത്തിലെ പ്രധാന തോടുകളുടെ നവീകരണം 30 ലക്ഷം, അപകടകാരികളായതെരുവ് നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ മൂന്ന് ലക്ഷം, ടൗണ്‍ഹാള്‍ നിര്‍മ്മാണം ഒരുകോടി താലൂക്ക് ആശുപത്രിക്ക് ഒരുകോടി, വിവിധ ആശുപത്രികളിലേക്ക് മരുന്ന് വാങ്ങല്‍ 50 ലക്ഷം എന്നിങ്ങനെയാണ് മറ്റ് പ്രധാന വകയിരുത്തലുകള്‍. വയോജന പാര്‍ക്കിനായി മുട്ടം പള്ളിക്ക് സമീപമുള്ള സ്ഥലം സാമൂഹ്യ ക്ഷേമവകുപ്പിന് വിട്ട് നല്‍കി 1.5 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കും. 

കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. ബജറ്റ് അവതരണത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ശോഭാ ജോഷി, ജി. രഞ്ജിത്ത്, ലിസി ടോമി, എ.എസ്. സാബു, ഏലിക്കുട്ടി ടീച്ചര്‍, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത് എന്നിവര്‍ പങ്കെടുത്തു.

date