Skip to main content
നിറക്കൂട്ട് ആശാ ഫെസ്റ്റ് കുന്നംകുളം ടൗൺഹാളിൽ എ സി മൊയ്‌തീൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കുന്നു

വർണ്ണാഭമായി ആശ ഫെസ്റ്റ് നിറക്കൂട്ട് 2023

ആശാ പ്രവർത്തകരുടെ ജില്ലാ ഫെസ്റ്റ് നിറക്കൂട്ട് 2023 ന്റെ ഉദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവ്വഹിച്ചു. ആശാ പ്രവർത്തകരുടെ വിവിധങ്ങളായ ആവശ്യങ്ങൾ സർക്കാർ പരിശോധിച്ച് വരികയാണെന്നും അവ നടപ്പാക്കുന്നതോടെ ഈ മേഖലയിൽ കൂടുതൽ മാറ്റങ്ങൾ പ്രകടമാകുമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.

ആശാ വർക്കർമാരുടെ പുതുക്കിയ ഐഡി കാർഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനവും എംഎൽഎ നിർവ്വഹിച്ചു. മണലൂർ പഞ്ചായത്തിലെ ആശവർക്കർമാർ ഐഡി കാർഡ് ഏറ്റുവാങ്ങി. ആശാ ഫെസ്റ്റിനോടനുബന്ധിച്ച് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് തലത്തിൽ നിന്നുള്ള ആശ പ്രവർത്തകരുടെ നാടോടി സംഘനൃത്തം, നാടൻ പാട്ട്, മൂകാഭിനയം, റാലി തുടങ്ങിയ മത്സരങ്ങളും   സംഘടിപ്പിച്ചു.

കുന്നംകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ എൻ സതീഷ് വിഷാവതരണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. യു ആർ രാഹുൽ ആരോഗ്യ സന്ദേശം നൽകി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി സോമശേഖരൻ, വാർഡ് കൗൺസിലർ മിനി മോൻസി, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ടി കെ ജയന്തി, ടി എ ഗ്രേയ്ഡ് വൺ പി കെ രാജു, കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ വി മണികണ്ഠൻ, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ടി എ ഹരിതാദേവി, ആശാ പ്രവർത്തകർ, വകുപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ സ്വാഗതവും പ്രോഗ്രാം മാനേജർ ഡോ. ടി വി റോഷ് നന്ദിയും പറഞ്ഞു.

date