Skip to main content

സുശീലക്ക് താങ്ങായി അരിമ്പൂർ പഞ്ചായത്ത്

ഭിന്നശേഷിക്കാരിയായ മനക്കൊടി സ്വദേശി സുശീലയ്ക്ക് താങ്ങായി അരിമ്പൂർ പഞ്ചായത്ത് .
ജനകീയാസൂത്രണ അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് നൽകിയ ഓട്ടോമാറ്റിക്ക് വീൽചെയർ സുശീലയ്ക്ക് പുതുജീവിതം സമ്മാനിക്കും. 1,25,000 രൂപ വിലവരുന്ന ആധുനിക സജ്ജീകരണങ്ങളോടെയുള്ള ചാർജബിൾ ഓട്ടോമേറ്റിക്ക് വീൽചെയറാണ് നൽകിയത്.

അതിദരിദ്ര സർവ്വേ നടത്തി ഭിന്നശേഷിക്കാരിൽ അർഹതപ്പെട്ടവർക്ക് ജീവിതമാർഗം കണ്ടെത്താനുള്ള അവസരങ്ങളൊരുക്കി മാതൃകയാവുകയാണ് അരിമ്പൂർ പഞ്ചായത്ത്. ജന്മനാ കാലുകൾക്ക് ചലനശേഷിയില്ലാത്ത സുശീലക്ക് ഇനി ആരെയും ആശ്രയിക്കാതെ സഞ്ചരിക്കാനും ജീവതമാർഗം കണ്ടെത്താനും സാധിക്കും.
 
 സുശീലയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയ്കുമാർ ഓട്ടോമാറ്റിക് വീൽചെയർ സമ്മാനിച്ചു. ആരോഗ്യ വകുപ്പും വനിതാ ശിശുവികസന വകുപ്പും സംയോജിപ്പിച്ച്  സമ്പുഷ്ട കേരളത്തിനായി സംഘടിപ്പിക്കുന്ന പോഷൺ പക്വാഡ 2023 പദ്ധതിയുടെ പോഷൺ പഞ്ചായത്ത് പരിശീലന പരിപാടിയുടെ ഉദ്ഘാടനത്തിലാണ് വീൽചെയർ സമ്മാനിച്ചത്. പരിപാടിയുടെ ഭാഗമായി അങ്കണവാടി ടീച്ചർമാർക്ക് അനീമിയ രോഗ ബോധവത്കരണ ക്ലാസും നടന്നു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി ഗോപി, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

date