Skip to main content
ദേശീയ സാമ്പിൾ സർവ്വേ ബോധവത്ക്കരണ ക്യാമ്പയിൻ കേരളവർമ്മ കോളേജിൽ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

സാമ്പത്തിക സർവ്വേകൾ നൂതനമാക്കണം: മന്ത്രി ആർ ബിന്ദു

ആധുനികവിദ്യ പ്രയോജനപ്പെടുത്തി സാമ്പത്തിക സർവ്വേകൾ കൂടുതൽ നൂതനമാക്കണമെന്നും സുസ്ഥിര വികസനത്തിന് വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തുന്ന ദേശീയ സാമ്പിൾ സർവ്വേയുമായി സഹകരിക്കാനും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാനും വിദ്യാർത്ഥി സമൂഹത്തിന് സാധിക്കണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. എൻഎസ്എസ്ഒയുടെ (നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ) പ്രവർത്തനങ്ങളും നാഷണൽ സാമ്പിൾ സർവേകളും എന്ന വിഷയത്തിൽ നാഷണൽ സാമ്പിൾ സർവേ ഓഫീസ് കേരള നോർത്ത് റീജണൽ ഓഫീസ് സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പയിൻ ശ്രീകേരളവർമ്മ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാജ്യ പുരോഗതിക്ക് എൻഎസ്എസ്ഒയുടെ സംഭാവന ഏറെ വിലപ്പെട്ടതാണെന്നും ദേശീയ സർവേകൾക്ക് എല്ലാവരും ശരിയായ വിവരം നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡാറ്റ സുസ്ഥിര വികസനത്തിന്, ഡാറ്റയുടെ ഉപയോഗവും വിദ്യാർത്ഥികൾക്കുള്ള അവസരങ്ങളും എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയ്ക്ക് എൻഎസ്എസ് ഒ ബാംഗ്ലൂർ സോൺ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സജി ജോർജ്, എൻഎസ്എസ്ഒ തിരുവനന്തപുരം റീജണൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്കർ, എൻഎസ്എസ്ഒ കോയമ്പത്തൂർ റീജണൽ ഓഫീസ് ഡയറക്ടർ ഇ എം വിബീഷ്, എൻഎസ്എസ്ഒ കോഴിക്കോട് റീജണൽ ഓഫീസ് ഡയറക്ടർ എഫ് മുഹമ്മദ് യാസിർ എന്നിവർ നേതൃത്വം നൽകി.

ജില്ലാ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്  ഡെപ്യൂട്ടി ഡയറക്ടർ കെ സിൻസിമോൾ ആന്റണി, എൻഎസ്എസ്ഒ സബ് റീജണൽ ഓഫീസ് സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോളി വർഗീസ് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള നൂറിലേറെ വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു

date