Skip to main content

മണച്ചാൽ സമഗ്ര വികസനം: എളവള്ളി ഗ്രാമപഞ്ചായത്തിന് 4 കോടിയുടെ ഭരണാനുമതി

എളവള്ളി ഗ്രാമപഞ്ചായത്തിൽ സമഗ്ര ജലസംരക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മണച്ചാൽ സമഗ്ര വികസന പദ്ധതിക്ക് നാലുകോടി രൂപയുടെ ഭരണാനുമതിയായി.
 
കോരാത തോട് സംരക്ഷണം 30 ലക്ഷം, കോലാരി തോട് സംരക്ഷണം 85 ലക്ഷം, മണച്ചാൽ സംരക്ഷണം 2.9 കോടി എന്നീ പദ്ധതികൾക്കാണ് തുക അനുവദിച്ചത്. മൂന്ന് പദ്ധതികൾക്കും സാങ്കേതിക അനുമതി ലഭിച്ചശേഷം ടെണ്ടർ നടപടി സ്വീകരിക്കും. പദ്ധതികളുടെ നിർവഹണ ഏജൻസി എളവള്ളി ഗ്രാമപഞ്ചായത്തായിരിക്കും.
 
വാഴാനി ഡാമിൽ നിന്നും വരുന്ന വെള്ളം മണച്ചാൽ കൃത്രിമ തടാകത്തൽ ശേഖരിക്കുന്നതിനുള്ള കൈവഴികളുടെ ഭിത്തികളാണ് പ്രാഥമിക ഘട്ടത്തിൽ കെട്ടി സംരക്ഷിക്കുന്നത്. കഴിഞ്ഞവർഷം 1.53 കോടി ചെലവിൽ ഇന്ദ്രാംചിറ കെട്ടി സംരക്ഷിക്കൽ, 36 ലക്ഷം രൂപ ചെലവിൽ കിളിയൻ തോട് പാർശ്വഭിത്തി സംരക്ഷണം എന്നീ പദ്ധതികൾക്ക് പുറമെയാണ് പുതിയ പദ്ധതികൾക്ക് അനുമതി ലഭിച്ചത്. ഈ രണ്ടു പദ്ധതിയും അവസാന ഘട്ടത്തിലാണ്. ജലസംരക്ഷണ പദ്ധതികൾക്കും മാലിന്യനിർമാർജന പദ്ധതികൾക്കും ചെലവഴിക്കുന്ന നഗരസഞ്ചയ പദ്ധതിയിൽ പെടുത്തിയാണ് എളവള്ളി മികച്ച നേട്ടം കൈവരിക്കുന്നത്.
 
തൃശ്ശൂർ കോർപ്പറേഷൻ വഴിയാണ് ഗ്രാമപഞ്ചായത്തുകൾക്ക് പദ്ധതി അംഗീകാരം നൽകുന്നത്. തൃശ്ശൂർ കോർപ്പറേഷനിൽ ചേർന്ന ജോയിൻ്റ് പ്ലാനിങ് കമ്മിറ്റി യോഗത്തിൽ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

date