Skip to main content
തളിയക്കോണം സ്റ്റേഡിയം നിർമാണം ഉദ്‌ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിക്കുന്നു

ജീവിതനിലവാരം ഉയർത്തുക സർക്കാർ ലക്‌ഷ്യം: മന്ത്രി ആർ ബിന്ദു

ജീവിതനിലവാരം ഉയർത്തുകയും ജീവിതം സുഗമമാക്കുകയും ചെയ്യുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. തളിയക്കോണം സ്റ്റേഡിയം നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലുടനീളം പ്രാദേശിക സ്റ്റേഡിയങ്ങളിലും സർവകലാശാലകളോട് ചേർന്ന സ്റ്റേഡിയങ്ങളിലും നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കായികപ്രേമികളുടെ ദീർഘകാല ആവശ്യമാണ് ഇതുവഴി സർക്കാർ നിറവേറ്റുന്നത്. എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലങ്ങൾ ഉണ്ടാകണമെന്നതാണ് സർക്കാരിന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.

മുൻ എംഎൽഎ പ്രൊഫ. കെ യു അരുണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപയാണ് സ്റ്റേഡിയ നവീകരണ പ്രവൃത്തികൾക്കായി വിനിയോഗിക്കുക. ഫുട്ബോൾ ഉൾപ്പെടെയുളള കളികൾക്കായുള്ള മഡ് കോർട്ട് നിർമ്മാണം, മൈതാനം നിരപ്പാക്കൽ, സംരക്ഷണഭിത്തി നിർമ്മാണം, വൈദ്യുതീകരണം എന്നീ പ്രവ്യത്തികൾ നവീകരണത്തിന്റെ ഭാഗമായി സ്പോർട്സ് കൗൺസിലിന്റെ നേത്യത്വത്തിൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കും.

നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ മുഖ്യാതിഥിയായി. ടി വി ചാർളി, സുജ സഞ്ജീവ് കുമാർ, സി സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ഗീത കുമാരി എന്നിവർ സംസാരിച്ചു.

date