Skip to main content

ഏറ്റവും വലിയ തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസിയായി തൊഴിൽ വകുപ്പ് മാറി : മന്ത്രി വി ശിവൻ കുട്ടി

ഏറ്റവും വലിയ തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസിയായി തൊഴിൽ വകുപ്പ് മാറിയെന്ന് മന്ത്രി വി ശിവൻ കുട്ടി.  സംസ്ഥാന സർക്കാരിന്റെ മൂന്നാമത് നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ് നിയുക്തി തൊഴിൽമേള 2023 എന്ന പേരിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ ഓൺ ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇടനിലക്കാരില്ലാതെ സൗജന്യമായാണ് സംസ്ഥാനത്ത് തൊഴിൽ വകുപ്പ് തൊഴിൽ റിക്രൂട്ട്മെന്റ് സേവനം ലഭ്യമാക്കി വരുന്നത്. തൊഴിലുടമകളെയും ഉദ്യോഗാർത്ഥികളെയും ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം തൊഴിൽമേളകൾ സംഘടിപ്പിക്കുന്നത്. ഉദ്യോഗദായകർക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനും ഈ മേളകൾ വഴി കഴിയുന്നുണ്ടെന്ന് മന്ത്രിപറഞ്ഞു.

തലശ്ശേരി ക്രൈസ്റ്റ് കോളേജിൽ നടന്ന ചടങ്ങിൽ തലശ്ശേരി നഗരസഭാ ചെയർ പേഴ്സൺ കെ എം ജമുനാ റാണി  അദ്ധ്യക്ഷത വഹിച്ചു. എം വിജിൻ എം എൽ എ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ  എന്നിവർ വിശിഷ്ടാതിഥികളായി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ടി സുധീർകുമാർ , കോഴിക്കോട് മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് പി വി രാജീവൻ , ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ രമേശൻ കുനിയിൽ എന്നിവർ പങ്കെടുത്തു.

രാവിലെ 9 മണിക്കാരംഭിച്ച മേള വൈകീട്ട്  അവസാനിച്ചു. 4461 തൊഴിലവസരങ്ങളാണ്  ലഭ്യമാക്കിയത്. ഐ ടി, മാനേജ്മെന്റ്, എഞ്ചിനിയറിംങ് , കൺസ്ട്രക്ഷൻ, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ തുടങ്ങി വിവിധ മേഖലകളിലെ  74 പ്രമുഖ സ്ഥാപനങ്ങൾ മേളയുടെ ഭാഗമായി. മൂവായിരത്തി മുന്നൂറിലേറെ  ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.

date