Skip to main content

കഠിനമല്ല പഠനം, അറിവരങ്ങായി 'മികവുത്സവം'

കഠിനമായ പഠന രീതികളെ ലളിതമാക്കുന്ന മാര്‍ഗങ്ങള്‍...അറിവ് തേടി ക്ലാസ് മുറിക്ക് പുറത്തേക്കുള്ള സഞ്ചാരം...കളിച്ചും രസിച്ചുമുള്ള പഠന രീതി..ഇങ്ങനെ അക്കാദമിക് മികവിന്റെ പുതു തലങ്ങള്‍ തുറക്കുകയാണ്   പൊതു വിദ്യാഭ്യാസ വകുപ്പും ഡയറ്റും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ തല  മികവുത്സവം.
പൊതു വിദ്യാലയങ്ങളിലെ അക്കാദമിക് മികവുകള്‍ കണ്ടെത്താനും അംഗീകാരം നല്‍കാനുമാണ് ജില്ലയിലെ പ്രൈമറി, ഹൈസ്‌കൂള്‍ എന്നിവയെ പങ്കെടുപ്പിച്ച് മികവുത്സവം 2023 നടത്തിയത്. സബ് ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത 15 പ്രൈമറി സ്‌കൂളുകളും മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത ആറ് ഹൈസ്‌കൂളുകളും കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന ജില്ലാതല റിപ്പോര്‍ട്ടിങ്ങില്‍ പങ്കെടുത്തു. ഓരോ സ്‌കൂളില്‍ നിന്നും അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന നാലംഗ സംഘമാണ് എത്തിയത്. തുടര്‍ന്ന് വിദഗ്ധ സമിതി ഇവരുമായി ആശയവിനിമയം നടത്തി വിജയികളെ തെരഞ്ഞെടുത്തു. വായന, ലഘുശാസ്ത്ര പരീക്ഷണം, ഭാഷ പഠനം, തത്സമയ ആവിഷ്‌കാരങ്ങള്‍, അടിസ്ഥാന ഗണിതശേഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ നടത്തിയ തനത് പ്രവര്‍ത്തനമാണ് അവതരിപ്പിച്ചത്. സാമൂഹ്യ ശാസ്ത്രത്തിലെ അക്ഷാംശ രേഖാംശ പഠനം എളുപ്പമാക്കുന്ന രീതിയാണ് മാലൂര്‍ യു പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. പാട്ട്, നൃത്തം, സ്‌കിറ്റ് തുടങ്ങിയവയിലൂടെ കുട്ടികളിലെ ഇംഗ്ലീഷ് ഭാഷ ശേഷി വര്‍ധിപ്പിച്ച അനുഭവമാണ് ചെറുവാക്കര ഗവ. വെല്‍ഫെയര്‍ എല്‍ പി സ്‌കൂളില്‍ നിന്നുള്ള സംഘം പങ്കുവെച്ചത്. പ്രൈമറി തലത്തില്‍ ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്കും ഹൈസ്‌കൂള്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുമാണ് സമ്മാനം നല്‍കുക. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഡഡിഇ വി എ ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ചു. എസ് എസ് കെ ഡി പിസി ഇ സി വിനോദ്, കണ്ണര്‍ നോര്‍ത്ത് എഇഒ കെ പി പ്രദീപ് കുമാര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമാജന്‍, ഡയറ്റ് സീനിയര്‍ ലക്ച്ചറര്‍ ഡോ. കെ പി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

date