Skip to main content
RESORT

കാപികോ റിസോര്‍ട്ട് പൊളിക്കല്‍ ചീഫ് സെക്രട്ടറി പുരോഗതി വിലയിരുത്തി

 പാണാവള്ളി പഞ്ചായത്ത് പരിധിയിലെ സി.ആര്‍.ഇസഡ് നിയമലംഘനത്തെ തുടര്‍ന്ന് പൊളിച്ചു നീക്കുന്ന  കാപികോ റിസോര്‍ട്ട് ചീഫ് സെക്രട്ടറി വി.പി.ജോയി  ശനിയാഴ്ച വൈകിട്ട് സന്ദർശിച്ചു. റിസോർട്ട് പൊളുക്കുന്നതിൻറെ പുരോഗതി ചീഫ് സെക്രട്ടറി നേരിട്ട് വിലയിരുത്തി. 
ജില്ലാ കളക്ടര്‍ ഹരിത വി.കുമാറും ചീഫ് സെക്രട്ടറിക്കൊപ്പമുണ്ടായി.  കാപികോ റിസോര്‍ട്ടിലെ 54 വില്ലകളും  പൂര്‍ണമായി പൊളിച്ചുനീക്കിയിട്ടുണ്ട്.  ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പ്രധാന കെട്ടിടം പൊളിച്ച് നീക്കുന്ന നടപടികളാണ് ഇപ്പോൾ ധൃതഗതിയിൽ മുന്നേറുന്നത്. ആറ് ആധുനിക ഡ്രില്ലർ മെഷീനുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ന് രണ്ടു ഡ്രില്ലിങ് മെഷീനുകൾ കൂടി എത്തും.

വായുമലിനീകരണം, ജലം മലിനീകരണം, ശബ്ദ സാന്ദ്രത എന്നിവയുടെ പരിശോധന പൊലൂഷന്‍ കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്. കോടതിയുടെ നിർദ്ദേശം അനുസരിച്ചുള്ള വേഗത്തിലുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.
പൊളിച്ച അവശിഷ്ടങ്ങള്‍  സ്ഥലത്തുനിന്ന് നീക്കുന്നുമുണ്ട്. 150 ജോലിക്കാരും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ലോറികളും എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ നടപടികള്‍ വേഗത്തിലായത്.   സബ് കളക്ടർ സൂരജ് ഷാജി, ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍ മനോജ്, പാണാവള്ളി പഞ്ചായത്ത് സെക്രട്ടറി ആര്‍ പ്രദീപ് കുമാര്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികൾ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.

date