Skip to main content

മാലിന്യ സംസ്കരണ വിഷയത്തിൽ ജനങ്ങളുടെ മനോഭാവം മാറണം -മന്ത്രി സജി ചെറിയാൻ -കിഫ്ബിയിൽ നിന്ന് 8.24 കോടി രൂപ ചെലവിൽ പുനരുദ്ധാരണം

മാലിന്യം സംസ്കരിക്കുന്ന കാര്യത്തിൽ ജനങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റം ഉണ്ടാകണമെന്ന് സാംസ്കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കാക്കാഴം കാപ്പിത്തോട് ഒഴുകുന്ന തോടായി പുനർ നിർമിക്കാൻ എച്ച്.സലാം എം.എൽ.എ മുൻകൈയെടുത്ത് കിഫ്ബിയിൽ നിന്ന് 8.24 കോടി രൂപ ചെലവിൽ നടത്തുന്ന  പുനർനിർമാണപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  അവനവന്റെ വീടുകളിലെ മാലിന്യം ചെറിയ ചെലവിൽ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഇന്നുണ്ട്.  ഹരിതകർമ്മസേന ഇക്കാര്യത്തിൽ വലിയ സേവനം ചെയ്യുന്നുണ്ട്. മാലിന്യം ജലസ്രോതസ്സുകളിൽ നിക്ഷേപിക്കുന്ന സംസ്കാരം അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ വടക്കേ അതിർത്തിയായ കളർകോട് മുതൽ പുക്കൈതയാറ് വരെയുള്ള ഭാഗമാണ് ഒന്നാം ഘട്ടമായി നവീകരിക്കുന്നത്. ജല സംരക്ഷണത്തിനും മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നൽകി കാപ്പിത്തോടിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ തെളിനീരൊഴുകും അമ്പലപ്പുഴ പദ്ധതിയുടെ ഭാഗമായാണ് പുനരുദ്ധാരണത്തിന് തുടക്കം കുറിക്കുന്നത്. ഒന്നാം ഘട്ട പ്രവർത്തനമാണ് ഇപ്പോൾ നടത്തുന്നത്.  രണ്ടാം ഘട്ടമായി മാലിന്യ സംസ്കരണ പ്ലാൻ്റും സ്ഥാപിക്കും. ശുചീകരണ പ്രവർത്തനങ്ങൾ  വളഞ്ഞ വഴിയിൽ നിന്നാരംഭിക്കും.
ആഴം കൂട്ടിയും ഇരു വശങ്ങളിൽ കല്ല് കെട്ടിയും കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തിയും കലിങ്കു കെട്ടിയും തോട് സംരക്ഷിക്കും. 

എച്ച്.സലാം എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ എം ആരിഫ് എം.പി, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് ഹാരിസ്, 
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷീബ രാകേഷ് , പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സൈറസ് , അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോഭ ബാലൻ,  പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത സതീശൻ, ജില്ലാ പഞ്ചായത്തംഗം പി അഞ്ചു, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹരൺ ബാബു,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജാ രതീഷ്, ഗ്രാമപഞ്ചായത്ത് അംഗം അലിയാർ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.   

date