Skip to main content

ഫറോക്ക് പഴയ പാലം; രണ്ടാം ഘട്ട നവീകരണ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

 

പഴമയുടെ പ്രതാപം പേറുന്ന ഫറോക്ക് പഴയ പാലത്തിന്റെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ചതായി  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. 66.10 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 3.60 മീറ്റര്‍ കൂടുതല്‍ ഉയരമുള്ള ചരക്ക് വാഹനങ്ങള്‍ തടയുന്നതിന് പുതിയ സുരക്ഷാകവചം സ്ഥാപിച്ചിരുന്നു. വാഹനം ഇടിച്ച് തകര്‍ന്ന ഈ സുരക്ഷാകവചം സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി കൂടി ലഭിച്ചിട്ടുണ്ട്.

മുകളിലെ കമാനങ്ങള്‍ തകര്‍ന്ന് അപകടാവസ്ഥയിലായിരുന്ന പാലത്തില്‍ 90 ലക്ഷം മുടക്കിയാണ് ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയാക്കിയത്. 3.6 മീറ്ററിൽ കൂടുതല്‍ ഉയരമുള്ള ചരക്ക് വാഹനങ്ങള്‍ തടയുന്നതിന് പുതിയ സുരക്ഷാകവചം സ്ഥാപിച്ചു. വാഹനങ്ങള്‍ ഇടിച്ച് തകര്‍ന്ന ഒന്‍പത് കമാനങ്ങള്‍ പുതുക്കി പണിത് വെള്ളിനിറത്തിലുള്ള പെയിന്റ് അടിച്ചിട്ടുണ്ട്.   

എസ്റ്റിമേറ്റിൽ നിലവിലുള്ള നടപ്പാത പൊളിച്ച് കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ ടൈൽ പാകുന്ന പ്രവൃത്തിയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാലത്തിന്റെ ഗർഡറിൽ വേസ്റ്റ് ഇടുന്നത് തടയുന്നതിന് സ്റ്റീൽ കവർ ഇടാനും ഫുട്പാത്തിൽ കൂടി കടന്നുപോകുന്ന കേബിളുകൾ കവർ ചെയ്യുന്നതിനുള്ള സ്റ്റീൽ വർക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. നടപ്പാതയുടെ അടിയിൽ പെയിന്റ് ചെയ്യുന്നതിനും കേടു പറ്റിയ ഇരുമ്പുപാലത്തിന്റെ ഭാ​ഗങ്ങൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനും പാലത്തിന് മുകളിൽ തെരുവ് വിളക്കുകൾ  സ്ഥാപിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

date