Skip to main content

മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലെ തീപ്പിടിത്തം ഒഴിവാക്കാൻ നടപടികളുമായി ജില്ലാ ഭരണകൂടം

 

ഞെളിയൻപറമ്പിൽ വേർതിരിച്ച് കൂട്ടിയിട്ടിരിക്കുന്ന മാലിന്യം അടിയന്തിരമായി നീക്കം ചെയ്യാൻ നടപടിയുമായി ജില്ലാ ഭരണകൂടം. വേനൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രധാന മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ തീപ്പിടിത്തം മൂലമുള്ള ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാകലക്ടറുടെ ചേംബറിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം. മാലിന്യ സംസ്കരണം ഏറ്റെടുത്തിരിക്കുന്ന കമ്പനിയോട് ഇവ നീക്കം ചെയ്യാൻ ആവശ്യപ്പെടാൻ യോ​ഗത്തിൽ കോർപറേഷന് നിർദ്ദേശം നൽകി. ഇവിടെ പ്രാഥമികമായി നടപ്പാക്കാൻ ജില്ലാദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ച കാര്യങ്ങൾ അടിയന്തിരമായി പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്. ഇതിനാവശ്യമായ അഗ്നിശമന ഉപകരണങ്ങൾ എന്തെല്ലാമെന്ന് കോർപ്പറേഷനെ അറിയിക്കാൻ  ജില്ലാ ഫയർ ഓഫീസറോട് യോ​ഗത്തിൽ ആവശ്യപ്പെട്ടു.

നിലവിൽ സ്ഥാപിച്ച സ്പ്രിം​ഗ്ളർ സംവിധാനം അപര്യാപ്തമായതിനാൽ ഫലപ്രദമായ സ്പ്രിം​ഗ്ളർ സംവിധാനം ഏർപ്പെടുത്തും. പ്ലാസ്റ്റിക്, കെമിക്കൽ മാലിന്യത്തിൽ തീപ്പിടുത്തമുണ്ടായാൽ നിയന്ത്രിക്കാനായി മണൽ, ഫോം എന്നിവ അടിയന്തിരമായി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ സൂക്ഷിക്കാനും നിർദ്ദേശമുണ്ട്. നിലവിൽ ഗേറ്റിൽ മാത്രമുള്ള സി.സി.ടി.വി നിരീക്ഷണം പ്ലാന്റ് മുഴുവനായും ഏർപ്പെടുത്തും.

വടകര, പുതിയാപ്പ മാലിന്യ സംഭരണ കേന്ദ്രങ്ങളിൽ തീപ്പിടിത്തം തടയുന്നതിനും ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിനും ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികൾ ആരംഭിക്കാനും തീരുമാനമായി. 

കോർപറേഷന്റെ കീഴിലുള്ള ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ എത്രത്തോളം നടപ്പാക്കി എന്നതും യോഗം ചർച്ച ചെയ്തു. കൂടാതെ ഫയർ ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനീയർ, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ എന്നിവർ വടകരയിലെ പുതിയാപ്പ മാലിന്യസംഭരണ കേന്ദ്രം, ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രം, എന്നിവ സന്ദർശിച്ചു തയ്യാറാക്കിയ റിപ്പോർട്ടും യോഗം ചർച്ച ചെയ്തു.

date