Skip to main content

കുരുന്നുകൾക്കായി ശിശു പരിപാലന കേന്ദ്രങ്ങൾ ഒരുങ്ങി

 

അമ്മ അരികിൽ ഉണ്ടെന്നറിഞ്ഞാൽ ഏത് കുഞ്ഞാണ് ആനന്ദിക്കാതിരിക്കുക. കുഞ്ഞ് അരികെയുണ്ടെങ്കിൽ  അമ്മയ്ക്കും അതുപോലെ തന്നെ. സ്കൂളിൽ പോകാൻ പ്രായമാകാത്ത  കുഞ്ഞുങ്ങളെ ഓർത്ത് ആവലാതിപ്പെടുന്ന ഉദ്യോഗസ്ഥരായ അമ്മമാർക്ക് ആശ്വാസമായി ജില്ലയിലെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം ക്യാമ്പസിലും ചേവായൂർ വർക്കിംഗ് വുമെൺസ് ഹോസ്റ്റലിലും ശിശു പരിപാലന കേന്ദ്രങ്ങൾ ഒരുങ്ങി.

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ ഈ  ക്രഷുകളിലൂടെ പകൽ സമയങ്ങളിൽ  കുഞ്ഞുങ്ങളുടെ സുരക്ഷിതമായ പരിചരണം സാധ്യമാകും.  മൂന്ന് വയസ്സുവരെ പ്രായമായ കുഞ്ഞുങ്ങൾക്ക് അമ്മമാർ ജോലി ചെയ്യുന്ന ഇടങ്ങളിൽ കളിച്ച് ഉല്ലസിച്ചിരിക്കാൻ ശിശു സൗഹൃദ ഫര്‍ണീച്ചറുകള്‍, തൊട്ടിലുകള്‍, മെത്ത, കളിപ്പാട്ടങ്ങള്‍ എന്നീ സൗകര്യങ്ങളും ക്രഷുകളിൽ ഒരുക്കിയിട്ടുണ്ട്. 
കൂടാതെ, മിക്സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷന്‍, പാത്രങ്ങള്‍  തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

കുട്ടികളെ പരിപാലിക്കാനായി ഒരു വര്‍ക്കറിന്റെയും ഹെല്‍പ്പറിന്റെയും സേവനം ഉണ്ടായിരിക്കും. ഞായറാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലും ക്രഷ് പ്രവര്‍ത്തിക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ 'തൊഴിലിടങ്ങളില്‍ ശിശുപരിപാലന കേന്ദ്രം' പദ്ധതിയുടെ ഭാഗമാണിത്. 
സര്‍ക്കാരിന്റെ കീഴിൽ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നതും അന്‍പതിലധികം ജീവനക്കാര്‍ ഉള്ളതുമായ ഓഫിസ് സമുച്ചയങ്ങളിലാണ് ക്രഷ് ആരംഭിക്കുന്നത്. ജില്ലയിൽ സിവിൽ സ്റ്റേഷനിലാണ് ആദ്യത്തെ ക്രഷ് ആരംഭിച്ചത്. ശിശു ക്ഷേമ വകുപ്പിന് കീഴിൽ സംസ്ഥാനത്ത് 25 ക്രഷുകളാണ്  ഇത്തരത്തിൽ നടപ്പാക്കി വരുന്നത്. 

ജലവിഭവ വികസന വിനിയോഗ കേന്ദ്രം ക്യാമ്പസിൽ ആരംഭിച്ച ക്രഷിന്റെ ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ടി പി മാധവൻ നിർവ്വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലിബിന, ജില്ലാ വനിത ശിശു വികസന ഓഫീസർ സബീന ബീഗം എസ്, സി ഡബ്ല്യൂ ആർ ഡി എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ്‌ പി സാമൂവൽ, സി ഡബ്ല്യൂ ആർ ഡി എം പ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കോഴിക്കോട് ഡിവിഷന്റെ കീഴിൽ  ചേവായൂർ വർക്കിംഗ് വിമെൻസ് ഹോസ്റ്റലിൽ ആരംഭിച്ച ക്രഷിന്റെ ഉദ്ഘാടനം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  പി ദിവാകരൻ നിർവഹിച്ചു. വാർഡ് കൗൺസിലർ കെ മോഹനൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സുജാത കൂടാത്തിങ്കൽ, ജില്ലാ വനിത ശിശു വികസന ഓഫീസർ സബീന ബീഗം എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുഹൈറ ബാനു, ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് സുനീഷ് കുമാർ ടി എം തുടങ്ങിയവർ സംസാരിച്ചു.

date