Skip to main content

കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷാടനം; രണ്ട് സ്ത്രീകളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഹാജരാക്കി

 

കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷാടനം നടത്തിയ രണ്ട് സ്ത്രീകളെ ശരണബാല്യം റെസ്‌ക്യൂ ടീം പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ശരണബാല്യം ടീം, പാലക്കാട് ടൗണ്‍ സൗത്ത് പോലീസ്, പിങ്ക് പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണനൂര്‍ ഹൈവേ പരിസരത്ത് മാര്‍ച്ച് 23 ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ സംഘത്തെ കണ്ടെത്തിയത്. ജില്ലയിലെ പാതയോരങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍, ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കൈക്കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുള്ള ഭിക്ഷാടനം, തെരുവ് വിപണനം എന്നിവ വ്യാപകമായി കാണപ്പെടുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
രാജസ്ഥാനിലെ ബാരന്‍ ജില്ലക്കാരായ സംഘം ജില്ലയില്‍ തമ്പടിച്ച് വിവിധ സാധനങ്ങളുടെ വില്‍പ്പനയും ഭിക്ഷാടനവും നടത്തിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നിയമലംഘനങ്ങളെ കുറിച്ച് അവബോധം നല്‍കിയിരുന്നു. ഭിക്ഷാടനം നടത്തിയ കുട്ടികളെയും അമ്മമാരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. നിലവില്‍ ദേശീയപാത കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ബാലനീതി നിയമം സെക്ഷന്‍ 75, 76 എന്നിവ പ്രകാരം ബാല ഭിക്ഷാടനം ശിക്ഷാര്‍ഹമാണ്. കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം നടപടികള്‍ പൊതുജനങ്ങള്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലോ (0491 2531098) ചൈല്‍ഡ് ലൈനിലോ (1098) പോലീസിലോ (102) അറിയിക്കണം.

date