Skip to main content
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം മന്ത്രിമാരായ എം ബി രാജേഷ്, കെ രാജൻ എന്നിവർ ചേർന്ന് നിർവഹിച്ചു

അന്തിക്കാട് ബ്ലോക്കിന് പുതിയ ഓഫീസ് സമുച്ചയം

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് സമുച്ചയം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും റവന്യു മന്ത്രി കെ രാജനും ചേർന്ന് നാടിന് സമർപ്പിച്ചു.
ഹരിതകർമ്മ സേന മാലിന്യം എടുക്കുന്നതിന് ഉപഭോക്തൃ തുക കൊടുക്കാത്തവരിൽ നിന്ന് വീട്ടു കരത്തിനൊപ്പം കുടിശ്ശിക ഈടാക്കാൻ ഗ്രാമപഞ്ചായത്തുകൾക്കും മുൻസിപാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും അധികാരം കൊടുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യ സംസ്കരണം പ്രതിസന്ധിയാവുമ്പോൾ മാത്രം ആലോചിക്കേണ്ട വിഷയമല്ല. മാലിന്യ സംസ്കരണത്തിൽ പ്രധാന വെല്ലുവിളി  ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള എതിർപ്പാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തും ഒപ്പംനിർത്തിയും ലക്ഷ്യം കൈവരിക്കുന്നതുള്ള തയ്യാറെടുപ്പുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എടുക്കണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.  

ഉറവിടത്തിൽ തന്നെ മാലിന്യ സംസ്കരണം ഉറപ്പുവരുത്തണമെന്നും മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണതയിൽ നിന്ന് മാറിചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യപ്ലാൻ്റ് ആവശ്യപ്പെടുന്നവർക്കെതിരെയുള്ള സമരങ്ങൾ സർക്കാർ ഒരു തരത്തിലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമര പോരാട്ടങ്ങളുടെ ചരിത്രമുള്ള അന്തിക്കാടിന്റെ മണ്ണിൽ പുതിയ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം പ്രതീക്ഷ നൽകുന്നതാണെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.

സി സി മുകുന്ദൻ എംഎൽഎ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, മുൻ നാട്ടിക എംഎൽഎ ഗീതാ ഗോപി എന്നിവർ മുഖ്യാതിഥികളായി.

അരങ്ങ് അന്തിക്കാട് നാടൻപാട്ട് വിരുന്നും കുടുംബശ്രീ പ്രവർത്തകരുടെയും നാട്ടുകാരുടെയും കൂട്ടായ്മയിൽ സംഘടിപ്പിച്ച കലാപരിപാടികളും നാടിൻ്റെ ആഘോഷമാക്കി.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരായ രതി അനിൽകുമാർ, ഇന്ദുലാൽ കെ വി, ജ്യോതി രാമൻ, സ്മിത അജയ്കുമാർ, ജോൺസൺ പി ടി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷീന പറയങ്ങാട്ടിൽ, വി എൻ സുർജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

date