Skip to main content

പൂവ്വത്തൂർ ബസ് സ്റ്റാന്റ് പാർക്കിംഗ് സംവിധാനം കർശനമാക്കി

എളവള്ളി ഗ്രാമപഞ്ചായത്തിലെ പൂവ്വത്തൂർ ബസ് സ്റ്റാൻഡിന് ആർടിഎ അംഗീകാരം ലഭിച്ചതോടെ പാർക്കിംഗ് സംവിധാനം കർശനമാക്കാൻ ഗ്രാമപഞ്ചായത്ത് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി.

പൂവ്വത്തൂരിലൂടെ കടന്നുപോകുന്ന മുഴുവൻ ബസ് സർവ്വീസുകളും സ്റ്റാൻഡിൽ കയറി യാത്ര തുടരണം. ബസ്സുകൾ ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വിവരം സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കും.

ബൈപ്പാസ് പൂർണമായും വൺവേ ആക്കുന്നതിന് തീരുമാനമായി. ബസ് യാത്രക്കാർ കൊണ്ടുവന്ന ബൈക്കുകളും കാറുകളും സ്റ്റാൻഡിൽ പാർക്കിംഗ് സ്ഥലങ്ങളിൽ വച്ച് ലോക്ക് ചെയ്തു പോകാൻ അനുവദിക്കില്ല.

സ്റ്റാൻഡിലെ കച്ചവട സ്ഥാപനങ്ങളിലും ബാങ്കിലും വരുന്ന വാഹനങ്ങൾ മാത്രമേ പാർക്കിങ്ങിനായി അനുവദിച്ച സ്ഥലത്ത് പാർക്ക് ചെയ്യാൻ സാധിക്കൂ. സ്റ്റാൻഡിൽ ടാക്സി ടെംമ്പോ വാഹനങ്ങൾ ഡ്രൈവർമാർ ഇല്ലാതെ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ബൈപ്പാസ് റോഡിലും ഡ്രൈവർമാർ വാഹനങ്ങളില്ലാതെ ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
 
സമയം വൈകി വരുന്ന ബസ്സുകൾ സ്റ്റാൻഡിന്റെ വടക്കുഭാഗത്തും തെക്കുഭാഗത്തും യാത്രക്കാരെ ഇറക്കി യാത്ര തുടരുന്നത് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തോടെ ആർടിഎയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് തീരുമാനമായി.
 
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം പി എം അബു, പാവറട്ടി പോലീസ് സബ്ബ് ഇൻസ്പെക്ടർ എം ജെ ജോഷി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ എൽ തോമസ്, ചിറ്റാട്ടുകര സഹകരണ ബാങ്ക് പ്രസിഡണ്ട് ആർ എ അബ്ദുൽ ഹക്കീം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ജി സുബിദാസ്, ഓട്ടോ ബസ് തൊഴിലാളി സംഘടനാ ഭാരവാഹികൾ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date