Skip to main content

ആര്‍ദ്രകേരളം പുരസ്‌കാര നിറവിൽ പുന്നയൂർക്കുളം പഞ്ചായത്ത്

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം 2021-22 ജില്ലാതല പുരസ്‌കാരത്തിൽ ഒന്നാം സ്ഥാനം നേടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്. 5 ലക്ഷം രൂപയാണ് പുരസ്കാര തുക. രണ്ടാം തവണയാണ് പഞ്ചായത്ത് ആർദ്ര കേരള പുരസ്കാരം നേടുന്നത്. 2017 - 18 വർഷത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ആരോഗ്യ മേഖലയില്‍ നൂറ് ശതമാനം തുക ചെലവഴിച്ച പഞ്ചായത്താണ് പുന്നയൂർക്കുളം. കോവിഡ് കാലഘട്ടത്തെ മികവാർന്ന പ്രവർത്തനങ്ങൾ, സാന്ത്വന പരിചരണ പരിപാടികള്‍, ഭിന്നശേഷി സൗഹൃദ പദ്ധതികൾ, അങ്കണവാടി തലം മുതൽ നടത്തിയ ശുചിത്വ പ്രവർത്തനങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജനം, പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.

പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ നൽകുന്ന പദ്ധതികളാണ് പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ പറഞ്ഞു. പാലിയേറ്റീവ് കെയർ, സാന്ത്വന പരിചരണ പരിപാടികൾ ജനങ്ങൾക്ക് ഏറേ ഉപകാരപ്രദമാണ്. ഇനിയും ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുമെന്നും ഭരണസമിതിയുടെയും ജനങ്ങളുടെയും കൂട്ടായ പ്രവർത്തനമാണ് ഈ പുരസ്കാരത്തിന് കാരണമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി പുരസ്‌കാരം നല്‍കി വരുന്നത്. ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്.

date