Skip to main content

ആർദ്രകേരളം പുരസ്കാരം : ജില്ലയിൽ രണ്ടാം സ്ഥാനത്ത് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2021- 22 വർഷത്തെ ജില്ലാതല ആർദ്ര കേരളം പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടി കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, ശുചിത്വ പരിപാലനത്തിനായുള്ള പദ്ധതികൾ, പ്ലാൻ ഫണ്ടിന്റെ കൃത്യമായ വിനിയോഗം, ജൈവ അജൈവമാലിന്യ സംസ്കരണത്തിനായുള്ള പഞ്ചായത്തിന്റെയും ഹരിത കർമസേനയുടെയും പ്രവർത്തനങ്ങൾ, എംസിഎഫിന്റെ കാര്യക്ഷമവും ശുചിത്വ പൂർണ്ണവുമായ പ്രവർത്തനങ്ങൾ, വാർഡുകളിലെ മിനി എം സി എഫ്, പഞ്ചായത്തിന്റെ പൊതുശ്മശാനമായ മോക്ഷാലയത്തിന്റെ ശുചിത്വപൂർണ്ണമായ പ്രവർത്തനങ്ങൾ, സാന്ത്വനപരിചരണ പരിപാടികൾ, കായകൽപ്പ് പരിപാടിയിലെ മികച്ച പ്രവർത്തനങ്ങൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, വാർഡ്തല ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾ, രോഗപ്രതിരോധ കുത്തിവെപ്പുകൾ, പൊതുസ്ഥലങ്ങളിലെ മാലിന്യനിർമാർജനം, ജനങ്ങളിലെ ആരോഗ്യ ശീലങ്ങൾ, മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ, മൂന്ന് സബ് സെന്ററുകളിലെയും രോഗപ്രതിരോധ പ്രവർത്തനങ്ങൾ, വാർഡുതല മീറ്റിങ്ങുകളുടെ റെക്കോർഡ് പരിശോധന തുടങ്ങിയവയാണ് പുരസ്കാരത്തിനായി വിലയിരുത്തിയത്.

പഞ്ചായത്തിൻ്റെയും ആരോഗ്യപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനമാണ് നേട്ടത്തിനു പിന്നിലെന്നും അവാർഡ് തുകയായ 3 ലക്ഷം രൂപ എഫ് എച്ച് സി യുടെ വികസനത്തിനും ക്ലീൻ പഞ്ചായത്താക്കുന്നതിനുമായി വിനിയോഗിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷ ടീച്ചർ അറിയിച്ചു.

കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് പുരസ്കാരത്തിന്റെ ഭാഗമായുള്ള ജില്ലാതല കമൻഡേഷൻ അവാർഡിനും ഗ്രാമപഞ്ചായത്തിലെ മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രം 95.4 ശതമാനം സ്കോർ നേടി അർഹമായിരുന്നു. ആശുപത്രികളിലെ അണുബാധ നിയന്ത്രണം, ശുചിത്വ പരിപാലനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരമാണ് കായകൽപ്പ്.

date