Skip to main content
മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിക്കുന്ന ലോക്കൽ ഓ പി യുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിക്കുന്നു

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ലോക്കൽ ഒ പി പ്രവർത്തനമാരംഭിച്ചു

 തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിക്കുന്ന ലോക്കൽ ഓ പി യുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഒരു മണി വരെയാണ് ഓ പിയുടെ പ്രവർത്തനസമയം.

രോഗികൾക്ക് വേഗത്തിലും കാര്യക്ഷമമായ രീതിയിലും ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ലോക്കൽ ഓ പി ആരംഭിക്കുന്നത്. തദ്ദേശവാസികൾക്കും റഫറൻസ് ഇല്ലാതെ എത്തുന്ന രോഗികൾക്കും ഇത് പ്രയോജനകരമാകും. വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിക്കൊണ്ട് റഫറൻസ് മുഖേന വിദഗ്ധ ചികിത്സയും സാധ്യമാകും.

ലോക്കൽ ഓ പി സൗകര്യം ലഭ്യമാകുന്നതോടെ ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും എത്തുന്ന ഒ പി രോഗികളുടെ തിരക്ക് കുറയ്ക്കാനാകും. ഓ പി സമയത്തിനുശേഷം കാഷ്വാലിറ്റിയെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ടാകും. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർമാർക്കാണ്  ഓ പി ചുമതല.

പ്രിൻസിപ്പാൾ ഡോക്ടർ ബി ഷീല അധ്യക്ഷത വഹിച്ച ചടങ്ങിൽ സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ നിഷ എം ദാസ്, ആർ എം ഒ ഡോക്ടർ രൺദീപ്,  വിവിധ ഡിപ്പാർട്ട്മെന്റുകളിലെ എച്ച് ഓ ഡി മാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date