Skip to main content

കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

കേരള പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും ചേര്‍ന്ന് മച്ചാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം  സേവ്യര്‍ ചിറ്റിലപ്പള്ളി  എംഎല്‍എ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ആദ്യമായി കേരള സംസ്ഥാനം ആവിഷ്‌കരിച്ച നൂതന വിദ്യാഭ്യാസ ആശയമാണ് സ്‌കൂള്‍ കാലാവസ്ഥ കേന്ദ്രങ്ങള്‍.

 സമഗ്ര ശിക്ഷ കേരള പ്രോജക്ടിന്റെ കീഴില്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥികള്‍ക്ക്  ഭൂമിശാസ്ത്ര പ്രായോഗിക പഠനത്തിന്റെ ഭാഗമായി ദൈനംദിന താപനില, മഴ , ഈര്‍പ്പം കാറ്റിന്റെ വേഗത, കാറ്റിന്റെ ദിശ എന്നിവ പഠിക്കാന്‍ വഴിയൊരുക്കും. മഴമാപിനി, വെറ്റ് ആന്‍ഡ് ഡ്രൈ ബള്‍ബ് തെര്‍മോ മീറ്ററുകള്‍ , ക്യാപ് കൗണ്ടര്‍,  അനിമോ മീറ്റര്‍ എന്നീ ഉപകരണങ്ങളാണ് സ്‌കൂള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ തയ്യാറാക്കിയിട്ടുള്ളത്.

 തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്   ഇ ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ എം എ റെജീന ബീഗം  സ്വാഗതവും കണ്‍വീനര്‍ എ ഗിരിജ നന്ദിയും പറഞ്ഞു.സമഗ്ര ശിക്ഷ കേരള തൃശ്ശൂര്‍ ഡി പി സി ഡോ. എന്‍ ജെ ബിനോയ് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍  കെ രാമചന്ദ്രന്‍   ഹെഡ്മാസ്റ്റര്‍ സി  പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  
പൊതുജനങ്ങള്‍ക്ക് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം സന്ദര്‍ശിക്കാനുള്ളഅവസരമൊരുക്കിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.

date