Skip to main content

ഹാസ്യ സമ്രാട്ടിന് പതിനായിരങ്ങൾ വിട നൽകാനെത്തി; മുഖ്യമന്ത്രി ആദരാഞ്ജലികളർപ്പിച്ചു

കേരളക്കരയുടെ ഹാസ്യ സമ്രാട്ടിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യോപചാരമർപ്പിക്കാനും പതിനായിരങ്ങളെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനെത്തി മഹാനടനും എഴുത്തുകാരനും  മുൻ എം പിയുമായ ഇന്നസെന്റിന് ആദരാഞ്ജലികളർപ്പിച്ചു. റവന്യു മന്ത്രി കെ രാജൻ, ദേവസ്വം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവരും ഇന്നസെന്റിന് ആദരാഞ്ജലികളർപ്പിക്കാനെത്തി. വൈകിട്ടോടെ സ്പീക്കർ എ എൻ ഷംസീർ ഇന്നസെന്റിന്റെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

എംഎൽഎ മാരയ കെ കെ രാമചന്ദ്രൻ, ഇ ടി ടൈസൺ മാസ്റ്റർ, എ സി മൊയ്തീൻ, എൻ കെ അക്ബർ, മാണി സി കാപ്പൻ, കെ ജെ സനീഷ്‌കുമാർ ജോസഫ്, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവീസ് മാസ്റ്റർ, മുൻ മന്ത്രി സി രവീന്ദ്രനാഥ്, മുൻ എംഎൽഎമാരായ കെ വി അബ്ദുൽ ഖാദർ, യു അരുണൻ മാസ്റ്റർ, തോമസ് ഉണ്ണിയാടൻ, വി എസ് സുനിൽകുമാർ തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയരംഗത്തെ പ്രമുഖരും ആദരാഞ്ജലി അർപ്പിക്കാനെത്തി.

കലാ സാംസ്കാരിക രംഗത്ത് നിന്നും ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ദിലീപ്, ടോവിനോ തോമസ്, രചന നാരായണൻകുട്ടി, സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു, ഹരീഷ് കണാരൻ,
സംവിധായകരായ പ്രിയദർശൻ, സത്യൻ അന്തിക്കാട്, സാഹിത്യ അക്കാദമി പ്രസിഡൻറ് സച്ചിദാനന്ദൻ, അശോകൻ ചരുവിൽ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

സംസ്കാരം ഇന്ന് (28.03.2023) രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. തുടർന്ന് 11 മണിയോടെ പൗരാവലിയുടെ നേതൃത്വത്തിൽ ടൌൺ ഹാളിൽ അനുശോചന യോഗം ചേരും.

ഇരിങ്ങാലക്കുട കണ്ട ഏറ്റവും വലിയ യാത്രാമൊഴിയാണ് നടനും ജനപ്രതിനിധിമായിരുന്ന ഇന്നസെന്റിന് സ്വന്തം നാട് നൽകിയത്. അനുവദിച്ച സമയം കഴിഞ്ഞിട്ടും ആളുകളുടെ തിരക്കൊഴിയത്തതിനാൽ സമയം നീട്ടി നൽകി. ഇന്നസെന്റിന്റെ വീട്ടിലും വൻ ജനാവലി ഒരുനോക്ക് കാണാൻ കാത്തുനിന്നു. ആലുവ, അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളിലും ആളൂരിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് ഇരിങ്ങാലക്കുട ടൗൺ ഹാളിലേക്ക് കൊണ്ടുവന്നത്. പലയിടത്തും പ്രിയ നടന് ആദരാജ്ഞലികളർപ്പിക്കാൻ റീത്തുകളുമായി ജനം കാത്തുനിന്നു.

date