Skip to main content

രണ്ടുവർഷം; ജില്ലയിൽ കൃഷിക്കായി സർക്കാർ ചെലവിട്ടത് 14.65 കോടി

'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയിലൂടെ 1510.58 ഹെക്ടറിൽ കൃഷി വ്യാപിപ്പിച്ചു

കോട്ടയം: സംസ്ഥാന സർക്കാർ രണ്ടുവർഷം പൂർത്തീകരിക്കുമ്പോൾ കാർഷിക മേഖലയിൽ നടപ്പാക്കിയത് 14.65 കോടി രൂപയുടെ പ്രവർത്തനങ്ങൾ. കൃഷി വകുപ്പിന്റെ  ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നായ 'ഞങ്ങളും കൃഷിയിലേക്ക് '  പദ്ധതിയിലൂടെ 1510.58 ഹെക്ടർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. 1208 കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കാനായെന്നു പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീതാ വർഗീസ് പറഞ്ഞു.

നാളികേര കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് തെങ്ങിന്റെ ഉൽപാദനവും ക്ഷമതയും വർധിപ്പിക്കുന്നതിനായി 'കേരഗ്രാമം' പദ്ധതിയിലൂടെ 1.13 കോടി രൂപ ചെലവഴിച്ചു. തെങ്ങുകളുടെ ആരോഗ്യസംരക്ഷണത്തിനായി നാളികേര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 'കേര രക്ഷാവാരം' നടപ്പിലാക്കി. ഇതിന്റെ ഭാഗമായി തെങ്ങിൻ തോപ്പുകളിൽ പച്ചിലവള ലഭ്യതക്കായി മൂന്ന് ലക്ഷം ശീമക്കൊന്ന കമ്പുകൾ കേരകർഷകർക്ക് വിതരണം ചെയ്തു. ഇതിനായി 26.58 ലക്ഷം രൂപ ചെലവഴിച്ചു.

ഓണവിപണിയിൽ വിലനിയന്ത്രണത്തിനും കർഷകർക്ക് മികച്ച വില ലഭിക്കുന്നതിനുമായി 55.9 ലക്ഷം രൂപ ചെലവാക്കി ജില്ലയിൽ 86 ഓണ ചന്തകൾ നടത്തി. കൃഷി ഭവനുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി 37.5 ലക്ഷം രൂപ അനുവദിച്ചതിൽ 27.28 ലക്ഷം രൂപ ചെലവഴിച്ചു. നീണ്ടൂർ, തൃക്കൊടിത്താനം എന്നീ കൃഷിഭവനുകളെയാണ് ആദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

വിറ്റഴിക്കാൻ സാധിക്കാത്ത കാർഷികോത്പന്നങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഹബ്. ഇതിനായി മണർകാട് പഞ്ചായത്തിനെ തിരഞ്ഞെടുക്കുകയും 2.21 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. കൂടാതെ അഗ്രോ പ്രോസസിംഗ്, എഫ്. പി. ഒ, കുടുംബശ്രീ, പാക്സ് എന്നിവക്കായി അഗ്രോ പ്രോസസിംഗ് യൂണിറ്റുകൾ തുടങ്ങുന്നതിന് 19.65 ലക്ഷം അനുവദിച്ചു. ഇതിൽ 9.65 ലക്ഷം രൂപ ചെലവഴിച്ചു.

ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആധുനിക സംവിധാനങ്ങളോട് കൂടിയ  പ്രീമിയം ഔട്ട്ലെറ്റുകൾ ആരംഭിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ച് ഏറ്റുമാനൂർ, കോട്ടയം ഉഴവൂർ, പാല എന്നീ ബ്ളോക്കുകളിൽ ഔട്ട് ലെറ്റുകൾ തുടങ്ങി. കൃഷിയോഗ്യമായ  നെൽപാടങ്ങൾ ഉള്ളവർക്ക് ഒരു വർഷം ഹെക്ടർ ഒന്നിന്  2000 രൂപ നിരക്കിൽ റോയൽറ്റി നൽകി. 2022- 2023 കാലയളവിൽ ഹെക്ടറിന് 3000 രൂപയായി റോയൽറ്റി ഉയർത്തി. ഇതിലൂടെ 300 ഹെക്ടർ നെൽവയലുകൾക്കാണ് പ്രയോജനം ലഭിച്ചത്.

ഫാം പ്ലാൻ ബേസ്ഡ് പ്രൊഡക്ഷൻ പദ്ധതിക്കായി 54.57 ലക്ഷം രൂപ അനുവദിച്ചു. ഇതിനായി ജില്ലാ ബ്ളോക്ക് തലത്തിൽ പരിശീലന പരിപാടികൾ  നടത്തി.

ഗ്രോബാഗിലെ കൃഷിക്ക് പകരം മൺചട്ടി, എച്ച്ഡിപിഇ കണ്ടെയ്നറുകളിലുള്ള പച്ചക്കറി കൃഷിക്ക് 3000 യൂണിറ്റുകൾ അനുവദിച്ചു.  ആമസോൺ വഴി ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് കോഴയിൽ ഓൺലൈൻ ബ്രാൻഡിംഗ് നടപ്പിലാക്കി.
വിള ഇൻഷുറൻസ് പദ്ധതി പ്രകാരം വിളനാശം സംഭവിച്ച കർഷകർക്ക് 7.87കോടി രൂപ നഷ്ടപരിഹാരമായി നൽകി. പ്രകൃതിക്ഷോഭം മൂലം  ഉണ്ടാവുന്ന നഷ്ടങ്ങൾക്ക്  2021-22 വർഷം സംസ്ഥാന വിഹിതമായി 3.69 കോടി രൂപ 5887 കർഷകർക്കായി നൽകി. കേന്ദ്ര വിഹിതമായി 2.17 കോടിരൂപ 7014 കർഷകർക്കായി നൽകി

date