Skip to main content

മാമ്പഴം കവിത പിറന്ന സ്കൂൾ മുറ്റത്ത്  കവിക്ക് സ്മാരകമൊരുക്കി ജില്ലാ പഞ്ചായത്ത്

 

വാത്സല്യത്തിന്റേയും മാതൃത്വത്തിന്റയും തീവ്രാനുഭവ സാക്ഷാത്ക്കാരമായി മലയാളി മനസിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന കവിതയാണ് വൈലോപ്പിളളി  ശ്രീധരമേനോ൯ രചിച്ച മാമ്പഴം. അങ്കണ ത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കേ അമ്മത൯ നേത്രത്തിൽ  നിന്നുതിർന്നൂ ചുടുകണ്ണീർ  എന്നു തുടങ്ങുന്ന വരി ഏറ്റുചൊല്ലാത്ത  മലയാളി ഉണ്ടാവില്ല.  മാമ്പൂവിന്റെ മണവും പേറിയേത്തുന്ന വൃശ്ചികക്കാറ്റ്  മലയാളിയുടെ മനസ്സിൽ എന്നും കുടഞ്ഞിടുന്ന തീവ്ര സങ്കടത്തിന്റെ വരികള്‍ പിറന്നു വീണത് മുളന്തുരുത്തിയുടെ മണ്ണിലാണ്. ഈ മണ്ണിൽ കവിക്കായി സ്മാരകം ഒരുക്കിയിരിക്കുകയാണ് എറണാകുളം ജില്ലാ പഞ്ചായത്ത്. 

 
എറണാകുളം ജില്ലാ പഞ്ചായത്ത് 2022-23  വർഷത്തെ ജനകീയാസൂത്രണ  പദ്ധതിയിയുലുള്‍പ്പെടുത്തിയാണ്   മുളന്തുരുത്തി  ഗവണ്‍മെ൯റ് ഹയർ സെക്കന്ററി സ്ക്കൂളിൽ വൈലോപ്പളളി സ്മാരകം നിർമ്മിച്ചിരിക്കുന്നത്.  അഞ്ചു ലക്ഷം രൂപ തനതു ഫണ്ടിൽ നിന്ന് ചെലവഴിച്ചാണ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്. 
 
വൈലോപ്പിള്ളി സ്മാരക സമർപ്പണം മാർച്ച്‌ 29 ബുധനാഴ്ച രാവിലെ 11 ന് നടക്കും. സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്മാരകം നാടിന് സമർപ്പിക്കും. 
 
 വൈലോപ്പിളളിയുടെ   അനുഭവ സാക്ഷ്യങ്ങള്‍   മു൯നിർത്തി ഉചിതമായ ഒരു സ്മാരകം  ഒരുക്കുകയാണ്  ജില്ലാ പഞ്ചായത്തെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.  സ്ക്കൂള്‍  അധ്യയനത്തിനു തടസം വരാത്ത രീതിയിൽ  സാംസ്ക്കാരിക സദസ്, വിജ്ഞാന സദസ്, വൈലോപ്പിളളി  രചനകളുടെ റഫറ൯സ്  ലൈബ്രറി എന്നിവയും ഭാവിയിൽ  ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കാനുദ്ദേശിക്കുന്ന പദ്ധതിയാണെന്നും ഉല്ലാസ് തോമസ് പറഞ്ഞു. മലയാളത്തിലെ ഏറ്റവും ജനകീയവും കാവ്യ ഗുണ സമ്പന്നവുമായ കവിത പിറന്ന  ഈ ഇടത്തിൽ  എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കും ഒത്തു കൂടാ൯  ഒരു  ഇടമൊരുക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

 വൈസ് പ്രസിഡന്റ് സനിതാ റഹീം അധ്യക്ഷത വഹിക്കും. മുളന്തുരുത്തി ജി. എച്ച്. എസ്. എസ്. പ്രിൻസിപ്പാൾ ജി. ഉല്ലാസ് ആമുഖ പ്രസംഗം നടത്തും.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് രാജു പി. നായർ,  മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ജെ. ജോമി,  റാണിക്കുട്ടി ജോർജ്, കെ.ജി. ഡോണോ മാസ്റ്റർ,  ആശ സനിൽ,  
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദാ മോഹൻ,   ഷൈനി ജോർജ്, എ.എസ്. അനിൽകുമാർ, മനോജ് മൂത്തേടൻ, എൽദോ ടോം പോൾ,
റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ  കെ. അബ്ദുൽ കരീം, ഡെപ്യൂട്ടി ഡയറക്ടർ  ഹണി ജി. അലക്സാണ്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രകാശ്,  ജില്ലാ പഞ്ചായത്ത് ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. 

മുളന്തുരുത്തി ഗവണ്‍മെ൯റ് ഹൈസ്ക്കൂളിൽ അദ്ധ്യാപകനായിരിക്കെ 1936- ലാണ് മാമ്പഴം കവിത വൈലോപ്പിളളി  രചിച്ചത്.

date