Skip to main content

എന്റെ കേരളം പ്രദർശന - വിപണന മേള; മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിൽ

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം 2023 പ്രദർശന വിപണന മേളയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. 

എറണാകുളം മറൈൻ ഡ്രൈവിൽ നിർമ്മിക്കുന്ന എക്സിബിഷൻ ഹാളിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണെന്നും വെള്ളിയാഴ്ച ഉച്ചയോടെ വിവിധ വകുപ്പുകൾക്ക് സ്റ്റാളുകൾ തരം തിരിച്ച് നൽകും. ഏപ്രിൽ ഒന്ന് ശനിയാഴ്ച ഉച്ചയോടെ പ്രദർശനം ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.

കൂടുതൽ യുവാക്കളെയും പൊതുജനങ്ങളെയും  ആകർഷിക്കുന്നതിനായുള്ള കലാപരിപാടികൾക്ക് പുറമേ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. 

ഏപ്രിൽ രണ്ടിന് രാവിലെ  മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ്‌ സെമിനാർ സംഘടിപ്പിക്കും. ഉച്ചക്ക് ശേഷം കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സെമിനാറും നടത്തും. മൂന്നാം തീയതി രാവിലെ വിദ്യാഭ്യാസ സെമിനാറും ഉച്ചക്ക് ശേഷം എക്സൈസും പൊലീസുംചേർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കും.

നാലിന് രാവിലെ ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പരിപാടി നടത്തും. ഉച്ചയ്ക്ക് ശേഷം മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവത്കരണവും കെ.എസ്.ബിയുടെ നേതൃത്വത്തിൽ സൗരോർജവുമായി ബന്ധപ്പെട്ട അവതരണവും നടക്കും.

അഞ്ചിന് രാവിലെ വ്യവസായ വകുപ്പിന്റെ  സംരംഭക സാധ്യതകളെ കുറിച്ചുള്ള പരിപാടിയും ഉച്ചക്ക് ശേഷം സ്ത്രീ സുരക്ഷ സെമിനാറും സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.

ആറിന് രാവിലെ കാർഷിക സെമിനാറും ഉച്ചക്ക് ശേഷം സഞ്ചാരികളെ ആകർഷിക്കുന്നതുമായി ബന്ധപ്പെട്ട് വിനോദ സഞ്ചാര വകുപ്പിന്റെ സെമിനാറുമാണ് സംഘടിപ്പിക്കുന്നത്. അവസാന ദിവസമായ എപ്രിൽ എട്ടിന് രാവിലെ ആരോഗ്യ സെമിനാറും ഉച്ചയ്ക്ക് ശേഷം സഹകരണ വകുപ്പ് നടത്തുന്ന സെമിനാറും സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രദർശന - വിപണന മേള ചരിത്ര സംഭവമാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു. യോഗത്തിനു ശേഷം മന്ത്രി പി. രാജീവ് മേള നടക്കുന്ന കൊച്ചി മറൈൻ ഡ്രൈവ് മൈതാനം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് മേഖല ഡെപ്യൂട്ടി ഡയറക്ടർ  ചന്ദ്രഹാസൻ വടുതല,  ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

date