Skip to main content
e-muttam

ഇ - മുറ്റം ഡിജിറ്റൽ സാക്ഷരത പദ്ധതി സംഘാടക സമിതിയായി

 

സർക്കാരിന്റെ നൂറ് ദിനകർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷൻ നേതൃത്വത്തിൽ നടത്തുന്ന സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയ്ക്ക് ആലപ്പുഴയിൽ സംഘാടക സമിതിയായി. 
 ഇ - മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി സംസ്ഥാനത്ത് 14 ഗ്രാമ പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക. ആലപ്പുഴ ജില്ലയിൽ  മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലാണ് ഇ - മുറ്റം പദ്ധതി നടപ്പിലാക്കുന്നത്.
 മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിയായ സംഘാടക സമിതി രൂപീകരണയോഗം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു.
 15 വയസിന് മുകളിൽ പ്രായമുള്ള ഡിജിറ്റൽ നിരക്ഷരരെ കണ്ടെത്തി ക്ലാസ് നൽകി സാക്ഷരരാക്കുകയാണ് ലക്ഷ്യം. 12 മണിക്കൂറാണ് പഠന സമയം. ഡിജിറ്റൽ ഉപകരണങ്ങളുടെയും ആപ്പുകളുടെയും ഉപയോഗം പഠിപ്പിക്കുക, അവയുടെ ഗുണദോഷങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് പാഠ്യപദ്ധതിയിൽ ഉള്ളത്. കൈറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന കൈപ്പുസ്തകമാണ് പഠനസാമഗ്രിയായി ഉപയോഗിക്കുക. എൻ എസ് എസ് വോളന്റിയർമാർ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരാകും ഇൻസ്ട്രക്ടർമാരായി പ്രവർത്തിക്കുക. ഏപ്രിലിൽ ആദ്യവാരം സർവ്വേ നടത്തി ഗുണഭോക്താക്കളെ കണ്ടെത്തും. 12 മണിക്കൂർ വീതം ക്ലാസുകൾ നൽകി മെയ് ആദ്യവാരത്തിൽ പ്രഖ്യാപനം നടത്തുന്നതിനാണ് ആലോചിക്കുന്നത്.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് ബാബു, സരസകുമാർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീല സുരേഷ്, സരിമോൾ തുടങ്ങിയവർ സംസാരിച്ചു. സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ കെ.വി.രതീഷ് പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് കോർഡിനേറ്റർ ആർ.സിംല സ്വാഗതവും പഞ്ചായത്ത് കോർഡിനേറ്റർ സരിത നന്ദിയും പറഞ്ഞു.
ഏപ്രിൽ 10 ന് മുമ്പ് 23 വാർഡുകളിലും സംഘാടക സമിതി രൂപീകരിക്കുമെന്ന് പ്രസിഡന്റ് പി.പി.സംഗീത പറഞ്ഞു.

date