Skip to main content
ഫോട്ടോ അടിക്കുറിപ്പ് - വീണാ ജോര്‍ജ് - ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുക ലക്ഷ്യമിട്ട് രൂപീകരിച്ചിരിക്കുന്ന ജാഗ്രതാസമിതികളുടെ ജില്ലാതല നേതൃത്വ പരിശീലനപരിപാടി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ലാ ജാഗ്രതാസമിതി ചെയര്‍പേഴ്‌സണ്‍ സാറാ തോമസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത

അതിക്രമങ്ങള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ ഇടപെടലുകള്‍      ശക്തമാക്കുന്നതിന് വേണ്ടിയാകണം ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കേണ്ടത്: മന്ത്രി വീണാ ജോര്‍ജ്

അതിക്രമങ്ങള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ ഇടപെടലുകള്‍ ശക്തമാക്കുന്നതിന് വേണ്ടിയാകണം ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുക ലക്ഷ്യമിട്ട് രൂപീകരിച്ചിരിക്കുന്ന ജാഗ്രതാസമിതികളുടെ ജില്ലാതല നേതൃത്വ പരിശീലന പരിപാടി പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ സമൂഹത്തിന്റേയും വികസനത്തിന്റെ മാനദണ്ഡം ആ സമൂഹത്തിലെ സ്ത്രീകളുടെ പുരോഗതിയും സുസ്ഥിതിയുമാണ്. സമൂഹ്യ മുന്നേറ്റത്തിനൊപ്പം സ്ത്രീ മുന്നേറ്റവും സാധ്യമാക്കുന്നതിനായി നിയമനിര്‍മാണങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയാണ്. സമൂഹത്തില്‍ സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ്. അത് സാധ്യമാക്കുന്നതിന് രണ്ട് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ നടത്തേണ്ടത്. അതിക്രമങ്ങളെ തടയുകയെന്നതാണ് ആദ്യഘട്ടം. അതിനൊപ്പം നിയമങ്ങള്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപ്പാക്കും. കുറ്റവാളികള്‍ക്കെതിരെ കനത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കും.
അതിക്രമങ്ങള്‍ക്കിരയായവര്‍ നേരിട്ട മാനസിക വെല്ലുവിളി മനസിലാക്കി അവര്‍ക്ക് വേണ്ട മാനസിക പിന്തുണ നല്‍കി ഒപ്പം നില്‍ക്കുകയെന്നതാണ് രണ്ടാം ഘട്ടം. പോക്‌സോ കേസുകളില്‍ ഇരയായ കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദത്തെ വേരോടെ പിഴുതെറിയണം. അവരെ പുനരേകീകരിക്കുകയെന്ന വലിയ ലക്ഷ്യം നമുക്ക് മുന്നിലുണ്ട്. ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുന്നതിന് വണ്‍ സ്റ്റോപ് സെന്ററുകളുടെ സേവനങ്ങള്‍ ഉപയോഗിക്കണം. പെട്ടെന്നുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിന് സ്വയം പ്രതിരോധത്തിനായുള്ള ആത്മവിശ്വാസം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കണം. പഞ്ചായത്ത്, പോലീസ്, വനിതാ ശിശുക്ഷേമ വകുപ്പുകളുടെ നേതൃത്വത്തില്‍ സ്വയം പ്രതിരോധ ക്ലാസുകള്‍ ഈ അവധിക്കാലത്ത് എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
വനിതാശിശു സംരക്ഷണത്തിനായി ജില്ലയില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ റിസോഴ്‌സ് സെന്ററുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഓമല്ലൂര്‍ ഗവ. ഹൈസ്‌കൂളിലാണ് ജില്ലാ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. റിസോഴ്‌സ് സെന്ററുകളുടെ നടത്തിപ്പിനായി രണ്ടു ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. വനിതാ ശിശു സംരക്ഷണം സാമൂഹ്യ ആവശ്യമാണ്. അത്തരം കാര്യങ്ങള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇവരുടെ സംരക്ഷണം പുരുഷന്മാര്‍ മനസിലാക്കണം. അത്തരത്തിലൊരു ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിക്കും. പുതിയ കമ്പോള സംസ്‌കാരം വളരുന്നതിന് അനുസരിച്ച് സമൂഹത്തില്‍ ജീര്‍ണതകളുണ്ടാകും. വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ഇത്തരം ജീര്‍ണതകളുടെ ഉദാഹരണങ്ങളാണ്. ഇവയെ ഉച്ചാടനം ചെയ്യുന്നതിന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണം. ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് ജാഗ്രതാസമിതികളിലൂടെ നടക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അതിക്രമങ്ങളെ തടയുന്നതിനും നേരിടുന്നതിനും സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്ന സംവിധാനങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. സംവിധാനങ്ങളെ ഉപയോഗിക്കാന്‍ ബോധവത്ക്കരണം ഏറ്റവും പ്രധാനമാണെന്നും അവശ്യ ഘട്ടങ്ങളില്‍ വനിതാ ഹെല്‍പ് ലൈന്‍ നമ്പരുകള്‍ എല്ലാവരും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ കമ്മിഷന്‍ മുന്‍ അംഗം ഷാഹിദ കമാല്‍ ജാഗ്രതാസമിതി രൂപീകരണവും പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ജില്ലയിലെ  മികച്ച ജാഗ്രതാ സമിതി അവാര്‍ഡ് കൊറ്റനാട് ഗ്രാമപഞ്ചായത്തിന് ആരോഗ്യ വകുപ്പ് മന്ത്രി സമ്മാനിച്ചു. പ്രസിഡന്റ് പ്രകാശ് പി സാം അവാര്‍ഡ് ഏറ്റുവാങ്ങി.
ജില്ലാ ജാഗ്രതാസമിതി ചെയര്‍പേഴ്‌സണ്‍ സാറാ തോമസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ബാരി തുടങ്ങിയവര്‍ പങ്കെടുത്തു.              (പിഎന്‍പി 950/23)

 

date