Skip to main content
ഫോട്ടോ അടിക്കുറിപ്പ്-ബജറ്റ്-   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ ബജറ്റ് അവതരിപ്പിക്കുന്നു.       (പിഎന്‍പി 969/23)

ശുചിത്വത്തിനും കാര്‍ഷികോല്‍പ്പന്നങ്ങുടെ വൈവിധ്യവല്‍ക്കരണത്തിനും  ഊന്നല്‍ നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ്

സമ്പൂര്‍ണ ശുചിത്വത്തിനും കാര്‍ഷിക മേഖലയിലെ വൈവിധ്യവല്‍കരണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍  വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ബജറ്റ് അവതരിപ്പിച്ചു. 4,68,51,456 രൂപ മുന്‍ബാക്കിയും, 140,40,92,750 രൂപ വരവും, 145,09,44,206 രൂപ ആകെ വരവും, 139,80,68,450 രൂപ ആകെ ചെലവും പ്രതിക്ഷിക്കുന്ന ബജറ്റില്‍ 5,28,75,756 രൂപ നീക്കിയിരിപ്പുണ്ട്. സമ്പൂര്‍ണ ശുചിത്വം, കാര്‍ഷിക മേഖല, വിദ്യാഭ്യാസം, വനിത ശിശുക്ഷേമം, യുവജനക്ഷേമം, വയോജന ക്ഷേമം, ആരോഗ്യം,   ഭവന നിര്‍മാണം, പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമം തുടങ്ങി ജില്ലയുടെ വികസനത്തിനാവശ്യമായ സമസ്ത മേഖലകളിലും ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്.
കാര്‍ഷികമേഖലയുടെ വികസനത്തിന് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍കരണത്തിലൂന്നിയുള്ള പ്രവര്‍ത്തനങള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന്   ബജറ്റില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കൊടുമണ്‍ റൈസ് മില്ലിന്റെ പണി പൂര്‍ത്തീകരിച്ച്  പ്രവര്‍ത്തനം ആരംഭിക്കുന്നതിനും റാന്നി കാര്‍ഷികോല്‍പാദന കമ്പനിക്ക് പശ്ചാത്തല വികസനത്തിനും ഫണ്ട് അനുവദിക്കും. കരിമ്പ് കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും, കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നതിനും, ശര്‍ക്കര ഉല്‍പാദനം ആരംഭിക്കുന്നതിനും ഊന്നല്‍ നല്‍കുമെന്നും, ജില്ലയിലെ സമസ്ത മേഖലയുടെയും വികസനത്തിന് ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 4,40,00,000 രൂപയും, കാര്‍ഷിക മേഖലയ്ക്ക് 10,50,00,000 രൂപയും, മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച്  തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് ആധുനിക സൗകര്യങ്ങളുള്ള എ.ബി.സി കേന്ദ്രം നിര്‍മിക്കുന്നതിന്് ഒന്നരക്കോടി രൂപയും, വയോജന സൗഹൃദ ജില്ലയായി പത്തനംതിട്ടയെ മാറ്റാനുള്ള പദ്ധതികള്‍ക്കായി 1,70,00,000 രൂപയും, ജില്ലയുടെ വിദ്യാഭ്യാസ രംഗം മികവുറ്റതായി മാറ്റിയെടുക്കാനുള്ള പദ്ധതികള്‍ക്കായി 9,85,00000 രൂപയും, സ്ത്രീകളുടെയും കുടികളുടെയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 2,65,00,000 രൂപയും, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് സൗജന്യ മരുന്ന് നല്‍കുന്ന പദ്ധതിയുള്‍പ്പെടെ ആരോഗ്യ മേഖലയ്ക്കായി 11,30,00,000 രൂപയും, യുവജന ക്ഷേമത്തിനായി 41,00,000 രൂപയും, സ്വന്തമായി ആരംഭിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കായി  2,39,00,000 രൂപയും, മത്സ്യ കൃഷി വികസനത്തിനായി 1,07,00,000 രൂപയും, സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിനായി 10,00,00,000 രൂപയും വകയിരുത്തി.

പട്ടികജാതി വികസനത്തിന്റെ ഭാഗമായി തൊഴില്‍ രഹിതരായ യുവതി, യുവാക്കള്‍ക്കായി വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്ത് പരിശീലിക്കാന്‍ അലവന്‍സ് നല്‍കുന്ന പദ്ധതി ഉള്‍പ്പെടെ പട്ടികജാതി ക്ഷേമത്തിനായി 3,85,00,000 രൂപയും വകയിരുത്തി. പട്ടിക വര്‍ഗക്ഷേമത്തിനായി 92,54,300 രൂപയും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും, ജില്ലാ തലത്തില്‍ സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുന്നതിന് അടക്കമുള്ള സ്ത്രീ സുരക്ഷ, വനിത ക്ഷേമത്തിനായി 1,35,00,000 രൂപയും, ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദ പദ്ധതികളടക്കം സാമൂഹ്യക്ഷേമത്തിനായി 10,00,000 രൂപയും, ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി 1,50,00,000 രൂപയും, ഊര്‍ജ മേഖയ്ക്ക് 2,33,00,000 രൂപയും, ദാരിദ്ര്യ ലഘൂകരണം, തൊഴില്‍ മേഖല എന്നിവയ്ക്ക് 2,20,00,000 രൂപയും ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനിലേക്കും റോഡുകള്‍ നവീകരിക്കുന്നതിനായി 45,02,44,400 രൂപയും,  കലാ, സാംസ്‌കാരിക വികസനത്തിനും, കായികക്ഷേമത്തിനും 1,70,00,000 രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
പൊതുഭരണ വിഭാഗത്തില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്ഥാപനങ്ങളുടെയും വൈദ്യുതി, വെള്ളക്കരം എന്നീ ചാര്‍ജുകള്‍ക്കായി 53,00000 രൂപയും ജില്ലാ പഞ്ചായത്ത് ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നാലു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ബജറ്റ് അവതരണ യോഗത്തില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യൂ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജി പി രാജപ്പന്‍, സി.കെ. ലതാകുമാരി, ജെസി അലക്‌സ്, ജോര്‍ജ് എബ്രഹാം, ജിജോ മോഡി, വി.റ്റി. അജോമോന്‍, റോബിന്‍ പീറ്റര്‍, സി. കൃഷ്ണകുമാര്‍, ജി. ശ്രീനാദേവി കുഞ്ഞമ്മ, സാറാ തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ്. നൈസാം, മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date