Skip to main content
അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിക്കുന്നു.

അപകടത്തില്‍ പരുക്കേറ്റ ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച ചികിത്സ നല്‍കും: മന്ത്രി വീണാ ജോര്‍ജ്

ഇലവുങ്കല്‍ നാറാണംതോടിനു സമീപം ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ
അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ പെട്ടവര്‍ക്ക് ചികിത്സയ്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജിലും ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ 42 പേര്‍ ചികിത്സയിലുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 17 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. രംഗനാഥന് (85) വാരിയെല്ലിന് ഒടിവും മള്‍ട്ടിപ്പിള്‍ ഫ്രാക്ചറും ഉണ്ട്. കുമാര്‍ എന്ന വ്യക്തിയുടെ ശ്വാസനാളത്തിന് പരിക്കുണ്ട്. ഇരുവരും 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
വകുപ്പുകളുടെ ഏകോപനത്തോടെ രക്ഷാപ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തുവാന്‍ കഴിഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോന്നി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ന്യൂട്ടലിലായിരുന്ന വാഹനം ഇറക്കം ഇറങ്ങി വരവേ ബ്രേക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചതായും മന്ത്രി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യമന്ത്രി ഇടപെട്ട് സന്നദ്ധ സംഘടനകളും സുമനസുകളും മുഖേന വസ്ത്രം, ഭക്ഷണം തുടങ്ങിയവ ലഭ്യമാക്കി.
എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി, എന്‍.എച്ച്.എം. ഡി.പി.എം ഡോ. എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

date