Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 3 മുതല്‍ 9 വരെ സമ്പൂര്‍ണ വിജയമാക്കാന്‍ നാടൊരുമിക്കും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. മെയ് മൂന്ന് മുതല്‍ 10 വരെ നീളുന്ന പ്രദര്‍ശന വിപണന മേള,  സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും വിവിധ മേഖലകളില്‍ നേടിയ മുന്‍നിര അംഗീകാരങ്ങളും, ജനാധിഷ്ഠിത ക്ഷേമ വികസന സംരംഭങ്ങളും പ്രമേയമായ പ്രദര്‍ശനങ്ങളുടെയും വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക മേളകളുടെയും വേദിയാവും. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് നേതൃത്വം നല്‍കി ജില്ലാ ഭരണകൂടം ഒരുക്കുന്ന ഒരാഴ്ച നീളുന്ന പ്രദര്‍ശന വിപണന മേളയില്‍ ഡി.പി.ആര്‍ വര്‍ക്ക്‌ഷോപ്പ്, ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള കരിയര്‍ ഗൈഡന്‍സ് ചര്‍ച്ചകള്‍, സാമ്പത്തിക സാക്ഷരത, മാലിന്യ മുക്ത കാസര്‍കോട്, വ്യവസായ കാര്‍ഷിക പ്രദര്‍ശന വിപണന മേള, ടൂറിസം മേള, കുടുംബശ്രീ ഭക്ഷ്യമേള,  സെമിനാറുകള്‍, ജില്ലയില്‍ വ്യവസായ സംരംഭം പ്രോത്സാഹിപ്പിക്കാന്‍ ഡി.പി.ആര്‍ ഏരിയ,  ബിസിനസ് സംബന്ധമായ ചര്‍ച്ചകള്‍ക്കായി ബിടുബി മീറ്റിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള റോബോട്ടിക് വെര്‍ച്ചല്‍ റിയാലിറ്റി, കലാ സാംസ്‌കാരിക സന്ധ്യ,  വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ എന്നിവ മുഖ്യ ആകര്‍ഷണമാകും. യുവതയുടെ കേരളം ഒന്നാമത് എന്ന പ്രമേയത്തില്‍ നടത്തുന്ന മേളയില്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കി പ്രത്യേകം യുവജനസംഗമവും പ്രദര്‍ശനങ്ങളും സെമിനാറുകളും ചര്‍ച്ചകളും ഒരുക്കും. മേളയിലേക്കുള്ള പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കും.

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ മാസത്തില്‍ വൈവിധ്യങ്ങളായ മത്സരങ്ങളും പരിപാടികളും വിവിധ ദിവസങ്ങളില്‍ സംഘടിപ്പിക്കും. പട്ടിക വര്‍ഗ വിഭാഗത്തിന്റെ കലാസംഘത്തെ ഉള്‍പ്പെടുത്തിയുള്ള കലാപരിപാടികള്‍ വിവിധ ഇടങ്ങളില്‍ അരങ്ങേറും.

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ നടത്തിപ്പും ഒരുക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടറും മേളയുടെ ജില്ലാതല സംഘാടക സമിതി ചെയര്‍പേഴ്‌സണുമായ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ ഉപസമിതി യോഗം ചേര്‍ന്നു. മേളയുടെ ജില്ലാതല സംഘാടക സമിതി കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എം.മധുസൂദനന്‍ സംസാരിച്ചു.  സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍, ആര്‍,ഡി.ഒ അതുല്‍നാഥ്, ജോയിന്റ് ഡയറക്ടര്‍ (എല്‍.എസ്.ജി.ഡി) ജെയ്‌സണ്‍ മാത്യു, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.പ്രദീപന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഡി.ബാലചന്ദ്രന്‍, ഫിനാന്‍സ് ഓഫീസര്‍ എം.ശിവപ്രകാശന്‍, ടൂറിസം ഡെപ്യൂട്ടി കമ്മീഷണര്‍ എം.ഹുസൈന്‍,  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍, നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, എല്‍.എസ.്ജി.ഡി ഇ.ഇ (ഇന്‍ചാര്‍ജ്) വി.മിത്ര, ഡോ.ടി.കെ.വിജയ കുമാര്‍ (ഐ.എസ്.എം), എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഫിലിപ്പ് ജോസഫ് (), ജെ.എ.എം.ഒ ഡോ.നിര്‍മല്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി, ജി.എസ്.ടി കമ്മീഷ്ണര്‍ പി.സി.ജയരാജന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.എച്ച്.ഇഖ്ബാല്‍, ഹൊസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ എന്‍.മണിരാജ്, ഡി.ടിപി.സി ജില്ലാ സെക്രട്ടറി ലിജോ ജോസഫ്, ബി.സുരേന്ദ്രന്‍ (പൊതുവിദ്യാഭ്യാസം), ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്.സയന ,സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.സി.ഷിലാസ്, ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ കപില്‍ദേവ് തുടങ്ങി വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ഉപസമിതി യോഗത്തില്‍ പങ്കെടുത്തു.

പൂര്‍ണമായും ഹരിതചട്ടം പാലിക്കും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള പൂര്‍ണമായും ഹരിതചട്ടം പാലിക്കും. പ്ലാസ്റ്റിക്, പേപ്പര്‍ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കും. മാലിന്യ നീക്കത്തിന് പ്രത്യേകം സംവിധാനം ഒരുക്കും. ഓരോ ദിവസത്തെയും ജൈവ അജൈവ മാലിന്യങ്ങള്‍ അന്ന് തന്നെ നീക്കും. മേള നടക്കുന്ന പവലിയനില്‍ പ്ലാസ്റ്റിക്ക്, പേപ്പര്‍ വലിച്ചെറിയുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കും. മേളയുടെ പ്രചാരണത്തിന് ഫ്്‌ളക്‌സുകള്‍ ഉപയോഗിക്കില്ല.
 
ജില്ലയെ ക്ലീനാക്കാന്‍ ''ക്ലീന്‍ കാസര്‍കോട് ''

കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള 2023 ന്റെ പ്രചാരണത്തിന്റെ ഭാഗമായി ഏപ്രില്‍ രണ്ടാം വാരം ജില്ലയിലുടനീളം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ക്ലീന്‍ കാസര്‍കോട് - എന്ന പേരില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു, ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു ബുനാഴ്ച ചേര്‍ന്ന ഉപസമിതി യോഗത്തില്‍ അറിയിച്ചു.

date