Skip to main content

ഡിജിറ്റല്‍ സാക്ഷരതയിലേക്ക് ചുവടുവെയ്ക്കാന്‍ ഇ-മുറ്റം പദ്ധതി ജില്ലയില്‍ പിലിക്കോട് പഞ്ചായത്തില്‍ നടപ്പിലാക്കും

കാലഘട്ടത്തിന് അനുയോജ്യമായി ജീവിക്കുന്നതിന് സാധാരണ ജനങ്ങളില്‍ ഡിജിറ്റല്‍ മേഖലയെ കുറിച്ച് അടിസ്ഥാനപരവും പ്രാഥമികവുമായ അവബോധം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഇ-മുറ്റം പദ്ധതി ജില്ലയില്‍ പിലിക്കോട് പഞ്ചായത്തില്‍ നടപ്പിലാക്കും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നൂറ് ദിന കര്‍മ പദ്ധതിയിലുള്‍പ്പെടുത്തി എല്ലാ ജില്ലയില്‍ നിന്നും  തെരഞ്ഞെടുത്ത ഒരു പഞ്ചായത്തിലാണ് ഇ-മുറ്റം പദ്ധതി നടപ്പിലാക്കുന്നത്. സാക്ഷരതാ മിഷനാണ് പദ്ധതിക്ക്് നേതൃത്വം നല്‍കുന്നത്. 15 വയസ്സിന് മേല്‍ പ്രായമുള്ള ഡിജിറ്റല്‍ നിരക്ഷരരെ കണ്ടെത്തി ക്ലാസ് നല്‍കി സാക്ഷരത നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 12 മണിക്കൂറാണ് പഠന സമയം. നിത്യജീവിതത്തില്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ മനസിലാക്കി അവ ഉപയോഗിക്കുന്നതിന് പദ്ധതിയിലൂടെ പ്രാപ്തരാക്കും. ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവയെ കുറിച്ച് പഠിക്കാന്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവസരമൊരുക്കും. എല്ലാവര്‍ക്കും ഇ-മെയില്‍ ഐ.ഡി രൂപീകരിച്ച് നല്‍കും. സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍, ട്രെയിന്‍, ബസ്സ്, എയര്‍ ടിക്കറ്റ് ബുക്കിംഗ്, ഗൂഗിള്‍പേ, ഫോണ്‍പേ ഉപയോഗം, ബില്ലടക്കല്‍ തുടങ്ങിയവ പരിശീലിപ്പിക്കും.

പദ്ധതിക്കായി പ്രത്യേകം മൊഡ്യൂള്‍ തയ്യാറാക്കും. അഞ്ച് ദിവസങ്ങളിലായി രണ്ട് മണിക്കൂര്‍ വീതം ഡിജിറ്റല്‍ ക്ലാസ് നല്‍കും. പരിശീലനം നല്‍കാന്‍ പ്രത്യേകം ഇന്‍സ്ട്രക്ടര്‍മാരെ പ്രാദേശികതലത്തില്‍ നിയോഗിക്കും. പദ്ധതി നടപ്പിലാക്കുന്നതിന് പിലിക്കോട് പഞ്ചായത്തില്‍ പഞ്ചായത്ത്തല, വാര്‍ഡ്തല സംഘാടക സമിതി രൂപീകരിക്കും.

 

date