Skip to main content

വളളവും വലയും വിതരണം ചെയ്തു

കടപ്ര ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്കുളള വളളവും വലയും വിതരണം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍  കുര്യത്ത് കടവില്‍ വെച്ച്  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും ഒന്‍പതു ലക്ഷം രൂപ അനുവദിച്ച പദ്ധതിയിലൂടെ 19 ഗുണഭോക്താക്കള്‍ക്കാണ് വള്ളവും വലയും നല്‍കിയത്.  30000 രൂപയാണ് യൂണിറ്റ് ചിലവ് . 75 ശതമാനം സബ്‌സിഡി ആയ 22500 രൂപ പഞ്ചായത്ത് വിഹിതവും 25 ശതമാനമായ 7500 രൂപ ഗുണഭോക്തൃ വിഹിതവുമാണ് . മത്സ്യ ബന്ധനം ഉപജീവനമാക്കിയവര്‍ക്ക് ജോലി നിര്‍വഹിക്കുന്നതിന് സഹായം നല്‍കുന്നതിനൊപ്പം അവരുടെ വരുമാനം മെച്ചപ്പെടുത്താനും കൂടുതല്‍ ഉള്‍ നാടന്‍ മത്സ്യം ജനങ്ങളിലേക്ക് എത്തിച്ച് ഭക്ഷ്യ ലഭ്യതയും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം. വൈസ് പ്രസിഡന്റ് മേഴ്‌സി വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട ജില്ലാ ഫീഷറീസ് ഓഫീസര്‍ പി. ശ്രീകുമാര്‍  തിരുവല്ല മത്സ്യഭവന്‍ ഓഫീസര്‍ ശില്‍പ പ്രദീപ്,വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍  റോബിന്‍ കെ ജോസ്  പഞ്ചായത്ത് അംഗങ്ങളായ ജോമോന്‍ കുരുവിള , വിമല ബെന്നി, ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ പി പി സുനിത ,  ആര്യ സുധാകരന്‍ അഗ്രികള്‍ച്ചര്‍ പ്രമോട്ടര്‍ എസ് ശുഭ തുടങ്ങിയവര്‍ പങ്കെടുത്തു.         (പിഎന്‍പി 1020/23)
 

date