Skip to main content

തുല്യത കോഴ്‌സുകളിലെ പ്രവേശനത്തിന് പിഴയില്ലാതെ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം

പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തി വരുന്ന വിവിധ തുല്യത കോഴ്‌സുകളില്‍ പ്രവേശനത്തിന് പിഴയില്ലാതെ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം.
നാലാം തരം, ഏഴാം തരം, പത്താംതരം ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകളിലെ പ്രവേശന തീയതിയാണ് നീട്ടിയത്. സാക്ഷരത, തുല്യത നാല് , ഏഴ് കോഴ്‌സുകള്‍ സൗജന്യമാണ്. പത്താം തരം തുല്യത കോഴ്‌സിന് രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 1950 രൂപയും, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സിന് രജിസ്‌ട്രേഷന്‍ ഫീസ്, അഡ്മിഷന്‍ ഫീസ് ഉള്‍പ്പെടെ 2600 രൂപയും അടക്കണം. പത്താം തരത്തിന് 17 ഉം ഹയര്‍ സെക്കണ്ടറിക്ക് 22 ഉം വയസ് തികഞ്ഞിരിക്കണം. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.

സാക്ഷരത കോഴ്‌സില്‍ ചേരുന്നതിന് അടിസ്ഥാന യോഗ്യതയില്ല. സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് നാലാംതരത്തിലും നാലാം തരം വിജയിച്ചവര്‍ക്ക് ഏഴാം തരത്തിലും രജിസ്റ്റര്‍ ചെയ്യാം. എഴാം തരം വിജയിച്ചവര്‍ക്ക് നേരിട്ട് പത്താം തരത്തിലും പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കണ്ടറിക്കും ചേരാം. ഉന്നത പഠനം, പ്രമോഷന്‍, സര്‍ക്കാര്‍ ജോലി എന്നിവക്ക് സാക്ഷരതാ മിഷന്റെ തുല്യത കോഴ്‌സുകളിലെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗപ്പെടുത്താം.

ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ വിദ്യാകേന്ദ്രങ്ങള്‍ മുഖേനയും kslma.keltron.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. ഫീസ് അടക്കുന്നതിനുള്ള ചെലാന്‍ ഫോറം
www.literacymissionkerala.org എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ ഓഫീസുമായി നേരിട്ടോ , 04862 232294 എന്ന നമ്പറിലോ ബന്ധപ്പെടാം.

date