Skip to main content

ഭൂമിയില്ലാത്തവരെ ഭൂമിയുടെ അവകാശികളാക്കുക ലക്ഷ്യം : മന്ത്രി കെ.രാജന്‍

സംസ്ഥാനത്തെ ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമിയെന്ന ലക്ഷ്യവുമായി അവരെ ഭൂമിയുടെ അവകാശികള്‍ ആക്കാനുള്ള മിഷനുമായി ഒരു നൂതന പ്രവര്‍ത്തനത്തിന് കേരളം ഒരുങ്ങുകയാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. കാഞ്ഞങ്ങാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെയും താലൂക്ക് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ റവന്യൂ വകുപ്പിനെ സംബന്ധിച്ചിടത്തോളം എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ അതിന്റെ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിക്കുകയാണ്. എത്ര പേരാണോ ഭൂമിക്ക് അര്‍ഹരായി അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത് അവര്‍ക്ക് ഭൂമി കൊടുക്കാതിരിക്കുന്നതിനുള്ള തടസം എന്താണെന്ന് തിരിച്ചറിഞ്ഞു അവരെ പട്ടയ ഡാഷ് ബോര്‍ഡിലേക്ക് മാറ്റുക എന്നതാണ് ആദ്യത്തെ പ്രവര്‍ത്തി. കേരളം പട്ടയ മിഷന്റെ കാര്യത്തില്‍ വലിയ നടപടികളിലേക്ക് പോവുകയാണ്. പട്ടയ മിഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് വേഗത വര്‍ദ്ധിക്കുകയാണ്. എല്ലാം ഡിജിറ്റലാകുമ്പോള്‍ ആ ഭാഷ സാധാരണക്കരായവര്‍ക്ക് മനസിലാകുന്നില്ല എന്നൊരു പ്രശ്‌നം നിലവിലുള്ള സാഹചര്യത്തില്‍ ആ പ്രശ്‌നം പരിഹരിക്കാനായി കേരള ഗവണ്‍മെന്റ് ഒരു വീട്ടില്‍ ഒരാളെ എങ്കിലും റവന്യു അപേക്ഷകള്‍ സ്വന്തം ഫോണ്‍ ഉപയോഗിച്ച് തയ്യാറാക്കി അയക്കാന്‍ പ്രാപ്തരാക്കാന്‍ റവന്യു ഇ - സാക്ഷരതയ്ക്ക് നേതൃത്വം നല്‍കുകയാണ്. റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, എന്‍.എസ്.എസ്, എന്‍.സി.സി തുടങ്ങിയവ ഉപയോഗപ്പെടുത്തി വീടുകള്‍തോറും റവന്യു ഇ-സാക്ഷരത നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുള്ള, കെ.പി.ജയപാല്‍, പി.വി.ചന്ദ്രശേഖരന്‍, ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, കെ.കെ.ബദറുദ്ദീന്‍, കെ.സി.പീറ്റര്‍, ഖാലിദ് കൊളവയല്‍, കരീം ചന്തേര, ഏബ്രഹാം തോണക്കര, എം.ഹമീദ് ഹാജി, രതീഷ് പുതിയപുരയില്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, എ.ഡി.എം എ.കെ.രമേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സബ് കളക്ടര്‍ സുഫിയാന്‍ അഹമ്മദ് സ്വാഗതവും തഹസില്‍ദാര്‍ എന്‍.മണിരാജ് നന്ദിയും പറഞ്ഞു.

44 ലക്ഷം രൂപ ചെലവിട്ട് 1171 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിച്ചത്. നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് അതിനോട് ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. വില്ലേജ് ഓഫിസറുടെ മുറി, ഡോക്യുമെന്റ് മുറി, വിശ്രമ സ്ഥലം, ഓഫിസ്, വരാന്ത, സിറ്റൗട്ട്, ഹെല്‍പ് ഡെസ്‌ക്, ടോയ്‌ലറ്റ് സൗകര്യം എന്നിവയോട് കൂടിയ ഒറ്റനില കെട്ടിടമാണ് നിര്‍മാണം പൂര്‍ത്തിയായത്. ഐങ്ങോത്ത് ദേശീയ പാതയ്ക്ക് സമീപമാണ് കെട്ടിടം നിര്‍മിച്ചത്.  
ദൂരന്ത നിവരണ നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനും ഏകോപിപ്പിക്കാനും വേണ്ടിയാണ് 13 ലക്ഷം രൂപ ചിലവില്‍ താലൂക്ക് എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്റര്‍ നിര്‍മ്മിച്ചത്.

date