Skip to main content

മധൂര്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ മന്ത്രി കെ രാജന്‍ നാടിന് സമര്‍പ്പിച്ചു

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് മധൂര്‍ വില്ലേജില്‍ നിര്‍മ്മിച്ച വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന്റെ കെട്ടിടോദ്ഘാടനം സംസ്ഥാന റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വ്വഹിച്ചു. കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിനായി 75 കോടി രൂപയുടെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു വരുന്നതായി  കെ.രാജന്‍ അറിയിച്ചു. ജോലി ചെയ്യുന്ന വനിതകള്‍ക്ക് ഹോസ്റ്റലിന് പുറമെ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി പുതിയ ഒരു കെട്ടിടം നിര്‍മ്മിക്കാന്‍ തയ്യാറാണെന്നും ലക്ഷം വീട് പദ്ധതി പോലെ കേരളത്തിന്റെ ചരിത്രത്തിലെ മികച്ച  പ്രവര്‍ത്തനങ്ങള്‍ ചെയ്ത വകുപ്പാണ്  ഭവന നിര്‍മ്മാണ വകുപ്പെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിനോടനനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടിയില്‍ ഭവന നിര്‍മ്മാണ വകുപ്പ് പത്തു പദ്ധതികള്‍ അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

504 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും തുക അനുവദിച്ചു. മധൂര്‍ വില്ലേജിലെ ഉദയഗിരിയില്‍ ഹൗസിംഗ് ബോര്‍ഡിന്റെ 34.03 സെന്റ് സ്ഥലത്താണ് ഹോസ്റ്റല്‍ നിര്‍മിച്ചിരിക്കുന്നത്.  മൂന്ന് നില കെട്ടിടത്തില്‍ ആക 109 കിടക്കകള്‍ ഉള്ളതില്‍ അറ്റാച്ച്ഡ് ബാത്ത്റൂമോടു കൂടിയ മൂന്ന് കിടക്കകളുള്ള രണ്ട് മുറികളും, രണ്ട് കിടക്കകളുള്ള അഞ്ച് മുറികളും, ആറ് കിടക്കകളുള്ള രണ്ട് ഡോര്‍മെട്രികളും ഉണ്ട്. അറ്റാച്ച്ഡ് ടോയ്ലറ്റ് ഇല്ലാത്ത മൂന്ന് കിടക്കകളുള്ള 21 മുറികളും രണ്ട് കിടക്കകളുള്ള രണ്ട് മുറികളും, ഏഴ് കിടക്കകളുള്ള രണ്ട് ഡോര്‍മെട്രികളും ആണുള്ളത്. അംഗപരിമിതര്‍ക്കുള്ള മുറികള്‍, ഡേ കെയര്‍, കിച്ചണ്‍, ഡൈനിംഗ്, ഹാള്‍,  ടെറസ്സില്‍ ക്ലോത്ത് ഡ്രൈയിംഗ് ഏരിയ,  കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൗസിംഗ് കമ്മീഷ്ണറും സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് സെക്രട്ടറിയുമായ വിനയ് ഗോയല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് അംഗം കാരായി രാജന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.എസ്.ഷിംന, മധൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ഹബീബ് ചെട്ടുംകുഴി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിജു ഉണ്ണിത്താന്‍, ടി.പി.യൂസഫ്,  കൂക്കള്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പി.സുനീര്‍ സ്വാഗതവും സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

date