Skip to main content

സംരംഭ മേഖലയില്‍ ചുവടുറപ്പിക്കാന്‍ 176 പേര്‍ തൊഴില്‍ നൈപുണ്യ പരിശീലനം പൂര്‍ത്തിയായി

15 ദിവസത്തെ തൊഴില്‍ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കി ജില്ലയിലെ 176 യുവാക്കള്‍ ഇനി സ്വന്തമായി വരുമാനം കണ്ടെത്തും. യുവാക്കളുടെ നൈപുണ്യ വികസനം ലക്ഷ്യം വെച്ച് ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പിലാക്കിയത്. പുതിയ ഉത്പന്നങ്ങള്‍ സ്വന്തമായി നിര്‍മിച്ച്  വരുമാനം കണ്ടെത്തി സംരംഭ സാധ്യതകളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അഞ്ച് മേഖലകളിലാണ് പരിശീലനം നല്‍കിയത്്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, ചട്ടഞ്ചാല്‍, പൊയിനാച്ചി, കാസര്‍കോട് എന്നിവിടങ്ങളിലാണ് പരിശീലനം നല്‍കിയത്. മാര്‍ച്ച് 13ന് ആരംഭിച്ച പരിശീലനം മാര്‍ച്ച് 28 വരെ നീണ്ടു. തുണികളില്‍ മ്യൂറല്‍ ആര്‍ട്ട്, ബേക്കറി ഉത്പന്ന നിര്‍മാണം, പേപ്പര്‍ ബാഗ് നിര്‍മാണം,  ഫാഷന്‍ ഡിസൈനിംഗ്, ആഭരണ നിര്‍മാണം, കറി പൗഡര്‍ നിര്‍മാണം എന്നിവയിലാണ് പരിശീലനം നല്‍കിയത്. ഓരോ മേഖലയിലും മുപ്പത് പേരാണ് പരിശീലനം നേടിയെടുത്തത്. ജോബ് കഫെ, ഡി.ടി.സി, ടീം ഫോര്‍ ടെക്നിക്കല്‍ എക്സലന്‍സ് തുടങ്ങിയ ഏജന്‍സികളാണ് പരിശീലനം നല്‍കിയത്. ജില്ലാ വ്യവസായ കേന്ദ്രമാണ് പദ്ധതി നിര്‍വഹണത്തിന് മേല്‍നോട്ടം നല്‍കിയത്.
 

date