Skip to main content
.

പട്ടിശ്ശേരി ഡാം  പുനരധിവാസ പാക്കേജ്;  7  കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി

 

പട്ടിശ്ശേരി അണക്കെട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂരഹിതരായ ഏഴ് കുടുംബങ്ങള്‍ക്ക്  പട്ടയം കൈമാറി. നാലു പതിറ്റാണ്ടുകളായി അണക്കെട്ടിന്റെ  വൃഷ്ടിപ്രദേശത്ത് താമസമാക്കിയിരുന്നവരാണ് സ്വന്തം  ഭൂമിയുടെ അവകാശികളായിരിക്കുന്നത്. കാന്തല്ലൂര്‍ വില്ലേജിലെ ബ്ലോക്ക് 56 ല്‍ സര്‍വ്വേ നമ്പര്‍ 105 ല്‍ ഉള്‍പ്പെടുന്ന 5 സെന്റ്  വീതം സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കുന്നതിന്  ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അനുമതി നല്‍കിയിരുന്നു. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ദേവികുളം തഹസില്‍ദാര്‍ വി. ഗോപിനാഥ പിള്ള  ഏഴു കുടുംബങ്ങള്‍ക്കുള്ള പട്ടയം കൈമാറി. ആര്‍. മണികണ്ഠന്‍, പിച്ചമ്മ, വേലമ്മാള്‍, ഗണേശന്‍ , ലക്ഷ്മണന്‍, രാമത്തായ്,  മാരിയമ്മാള്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ഭൂമി ലഭിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള വീടുകള്‍ ഇറിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ നിര്‍മ്മിക്കും.  അണക്കെട്ട് സൈറ്റില്‍ താമസിച്ചിരുന്നവരെ പുനരധിവാസിപ്പിക്കുന്നതോടെ പട്ടിശ്ശേരി അണക്കെട്ടിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
കാവേരി നദീതട തര്‍ക്ക പരിഹാര ട്രിബ്യൂണലിന്റെ അന്തിമ വിധി പ്രകാരം  പാമ്പാര്‍ നദീതടത്തില്‍ നിന്ന് ജലം കേരളത്തിന്  പ്രയോജനപ്പെടുന്ന പദ്ധതി കൂടിയാണ് പട്ടിശ്ശേരി അണക്കെട്ട്. ഡെപ്യൂട്ടി തഹസില്‍ദാര്‍ കവിത നായര്‍ , ഭൂരേഖ തഹസില്‍ദാര്‍ എം ജി മുരളീധരന്‍ നായര്‍ , മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിവരുടെ സാന്നിധ്യത്തിലായിരുന്നു പട്ടയ വിതരണം.

date