Skip to main content

ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത; കല്‍പ്പറ്റ നരഗരസഭയില്‍ തുടക്കമാകും

 സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ഇ- മുറ്റം കല്‍പ്പറ്റ നഗരസഭയില്‍ തുടങ്ങും. 15 വയസിന് മുകളില്‍ പ്രായമുള്ള ഡിജിറ്റല്‍ നിരക്ഷരരെ കണ്ടെത്തി ക്ലാസ് നല്‍കി സാക്ഷരരാക്കുകയാണ് ലക്ഷ്യം. പദ്ധതിയിലൂടെ ഓരോ ജില്ലയിലെയും ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി ഡിജിറ്റല്‍ മാതൃക തദ്ദേശ സ്വയംഭരണസ്ഥാപനമാക്കി മാറ്റും.

  12 മണിക്കൂറാണ് പഠന സമയം. ഡിജിറ്റല്‍ ഉപകരണങ്ങളുടെയും ആപ്പുകളുടെയും ഉപയോഗം പഠിപ്പിക്കുക, അവയുടെ ഗുണദോഷങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, എല്ലാവര്‍ക്കും ഇ-മെയില്‍ ഐഡി രൂപീകരിക്കുക, ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കല്‍ എന്നിവ പരിശീലിപ്പിക്കുക എന്നിവയാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൈറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന കൈപ്പുസ്തകമാണ് പഠന സാമഗ്രിയായി ഉപയോഗിക്കുക. എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവരാകും ഇന്‍സ്ട്രക്ടര്‍മാരായി പ്രവര്‍ത്തിക്കുക.

  ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ ഇതര പ്രതിനിധികള്‍, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഐടി മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി സംസ്ഥാനത്ത് 14 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. പദ്ധതിയുടെ നടത്തിപ്പിന് ഏപ്രില്‍ 1 ന് വൈകിട്ട് 3 ന് കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ സംഘാടക സമിതി രൂപീകരണ യോഗം ചേരുമെന്ന് കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.

date