Skip to main content

ചിതലിയിലെ ആകാശം- വിജയന്റെ ഓര്‍മ്മദിനാചരണം 30 ന്

ഒ.വി വിജയന്‍ സ്മാരക സമിതിയും കേരള സാംസ്‌കാരിക വകുപ്പും ചേര്‍ന്ന് ഒ.വി വിജയന്റെ ചരമദിനം മാര്‍ച്ച് 30 ന് 'ചിതലിയിലെ ആകാശം' എന്ന പേരില്‍ മുഴുദിന പരിപാടിയായി ആചരിക്കുന്നു. തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരകത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി പ്രശസ്ത എഴുത്തുകാരി ഡോ: ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും. രാവിലെ 9.45 ന് ഒ.വി വിജയന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ ഒ.വി വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ നാരായണദാസ് അധ്യക്ഷനാകും. 'ഖസാക്കിന്റെ ഇതിഹാസം' നൂറാം പതിപ്പിന്റെ നൂറ് കവറുകളുടെ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും.ജില്ലാ കലക്ടര്‍ ഡോ: എസ്. ചിത്ര, എഴുത്തുകാരന്‍ ആഷാമേനോന്‍, ഒ.വി ഉഷ, പ്രൊഫ: പി.എ. വാസുദേവന്‍, കെ.പി രമേഷ് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും. ഖസാക്കിന്റെ ഇതിഹാസം തമിഴിലേക്ക് വിവര്‍ത്തനം ചെയ്ത യുമ വാസുകിയെ ജില്ലാ കലക്ടര്‍ പുരസ്‌കാരം നല്‍കി അനുമോദിക്കും. ടി.ആര്‍ അജയന്‍, സി.പി പ്രമോദ് സംസാരിക്കും. തുടര്‍ന്ന് ഒ.വി വിജയന്‍ സ്മാരക സ്മൃതി പ്രഭാഷണം, സെമിനാര്‍ എന്നിവ നടക്കും. വൈകിട്ട് 4.45 ന് നടക്കുന്ന സമാപനയോഗത്തില്‍ എഴുത്തുകാരന്‍ പ്രൊഫ: കെ.ഇ.എന്‍. കുഞ്ഞഹമ്മദ് 'ജനാധിപത്യവും ബഹുസ്വരതയും' എന്ന വിഷയത്തില്‍ സംസാരിക്കും. എ. പ്രഭാകരന്‍ എം.എല്‍.എ. അധ്യക്ഷനാകും. 6.15 ന് ഒ.വി വിജയന്റെ ചിന്തകളും ഇടശ്ശേരിയുടെ 'പൂതപ്പാട്ടും' സമ്മേളിപ്പിച്ച് കെ.എ. നന്ദജന്‍ സംവിധാനം നിര്‍വഹിച്ച നാടകം 'പൂതപ്രബന്ധം' അരങ്ങേറും. സമാപനസമ്മേളനത്തില്‍ കഥ, കവിത, നോവല്‍, ചിത്രകല വിഭാഗങ്ങളിലായി പാലക്കാട്ടെ അമ്പത് യുവ സാഹിത്യപ്രതിഭകളെ അനുമോദിക്കും. എ. പ്രഭാകരന്‍ എം.എല്‍.എ ഉപഹാരങ്ങളും പ്രൊഫ: കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പ്രശസ്തിപത്രങ്ങളും നല്‍കും.

date