Skip to main content

കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കണം; നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍

 

ഏത് സംവിധാനമായാലും നമ്മള്‍ കെട്ടി പൊക്കുന്ന പോലെ അതിനെ സംരക്ഷിച്ച് നിര്‍ത്താനും സാധിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. രാവണീശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ പ്രീ സ്‌കൂള്‍ വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അഭിരുചി കണ്ടെത്തി അവരെ പരിപോഷിപ്പിക്കാന്‍ നമുക്ക് സാധിക്കണം. കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നല്‍കണം. സ്‌കൂളുകള്‍ നല്ല നിലവാരത്തിലേക്ക് എത്തപ്പെടുമ്പോഴും ചില തെറ്റായ ശീലങ്ങള്‍ കുട്ടികളില്‍ വളര്‍ന്നു വരുന്നുണ്ട്. നശീകരണ പ്രവണത കുട്ടികളില്‍ ഉണ്ടാകാന്‍ പാടില്ല. കുട്ടികളെ തിരുത്തണം. കുട്ടികളെക്കുറിച്ച് ആഴത്തിലറിയാന്‍ അധ്യാപകര്‍ക്ക് കഴിയണം. സ്‌കൂളിലെ പ്ലേ ഗ്രൗണ്ടുകള്‍ നിലര്‍ത്തണം. പ്ലേ ഗ്രൗണ്ടുകള്‍ ഇല്ലാതാക്കി അവിടെ കെട്ടിടം സ്ഥാപിക്കരുത്. മരങ്ങള്‍ വെച്ച് പിടിപ്പിക്കണം അവയെ സംരക്ഷിക്കണം. സ്‌കൂളിനകത്ത് വെച്ച് തന്നെ കുട്ടികള്‍ക്ക് ശുചിത്വത്തെക്കുറിച്ച് മനസിലാക്കി കൊടുക്കണം. ഭാവി കേരളം നേരിടാന്‍ പോകുന്ന വലിയ പ്രശ്‌നം ശുചിത്വമില്ലായ്മ തന്നെയാണ്. മാലിന്യ സംസ്‌കരണത്തെക്കുറിച്ച് പൊതു ബോധം കുട്ടികളില്‍ വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 

 

എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്‌കൂളിനായി നിര്‍മിച്ച അസംബ്ലി ഹാളിന്റെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. ഡി.പി.സി, എസ്.എസ്.കെ ഡി.നാരായണ, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.മിത്ര എന്നിവര്‍ പദ്ധതി വിശദീകരിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പി.സുഹാസിനിയെ ആദരിച്ചു. സംസ്ഥാന തലത്തില്‍ മികവ് നേടിയ കുട്ടികള്‍ക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ ഉപഹാരം നല്‍കി. എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ് നേടിയ കുട്ടികള്‍ക്ക് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ഉപഹാരം നല്‍കി. രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ യു.എ.ഇ പ്രീ സ്‌കൂളിന് നല്‍കുന്ന ലാപ് ടോപ്, പ്രോജക്ടര്‍ എന്നിവ അജ്ഞാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് ഏറ്റുവാങ്ങി. പ്രീ സ്‌കൂള്‍ തയ്യാറാക്കിയ പ്രമോദ് രാവണേശ്വരത്തിനുള്ള ഉപഹാരം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി.പുഷ്പ കൈമാറി. കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ശങ്കരന്‍, എസ്.എസ്.കെ ഡി.പി.ഒ കെ.പി.രഞ്ജിത്ത്, എസ്.എസ്.കെ ഡി.പി.ഒ എം.എം.മധുസൂദനന്‍, പഞ്ചായത്ത് അംഗങ്ങളായ പി.മിനി, എം.ബാലകൃഷ്ണന്‍, ജി.എച്ച്.എസ്.എസ് മാതമംഗലം പ്രിന്‍സിപ്പാള്‍ വി.വി ഭാര്‍ഗ്ഗവന്‍, ബേക്കല്‍ എ.ഇ.ഒ പി.കെ.സുരേഷന്‍, കെ.പി സുരേന്ദ്രന്‍, ഇ.വി നാരായണന്‍, കെ.എം.ദിലീപ്, കെ.വി.ബാലകൃഷ്ണന്‍, എ.പവിത്രന്‍, ബി.ശ്രീലേഖ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.രാജ്‌മോഹന്‍, കെ. വി കൃഷ്ണന്‍, ടി. അനീഷ് കുമാര്‍ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ. കൃഷ്ണന്‍, അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി. ദാമോദരന്‍, കെ.രാജേന്ദ്രന്‍, പി.കൃഷ്ണന്‍, എ.തമ്പാന്‍, സി.പ്രവീണ്‍ കുമാര്‍, ബി.പ്രേമ, പി.പി ദേവി പ്രസാദ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ജയചന്ദ്രന്‍ സ്വാഗതവും പ്രധാനാധ്യാപിക സി.കെ സുനിതാ ദേവി നന്ദിയും പറഞ്ഞു. 

 

അടിച്ചു പൊളിക്കാം കൂടെ പഠിക്കാം

 

കളിക്കാനും ഉല്ലസിക്കാനും കുട്ടികള്‍ക്ക് ഇനി മറ്റൊരു സ്ഥലം തേടേണ്ട. സ്വന്തം സ്‌കൂള്‍ അങ്കണത്തില്‍ അവര്‍ക്ക് പാര്‍ക്കിലെന്നോണം അടിച്ചു പൊളിക്കാം കൂടെ പഠിക്കാം. രാവണീശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമഗ്ര ശിക്ഷ കേരള നല്‍കിയ 10 ലക്ഷം രൂപയും വിദ്യാലയ വികസന സമിതി സ്വരൂപിച്ച തുകയും ചേര്‍ത്താണ് മാതൃകാ പ്രീ സ്‌കൂള്‍ ഒരുക്കിയത്. മുറ്റത്ത് ഹരിതോദ്യാനം. കാടിന്റെ മാതൃകയിലുള്ള ഗുഹാ പ്രവേശനകവാടം, അരുവി, പാറക്കെട്ട്, തോണി, ജല ജീവികള്‍ എന്നിവ ഏതൊരു കുട്ടിയെയും ആകര്‍ഷിക്കും വിധത്തിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. കൂടാതെ ശാസ്ത്രയിടം, കരകൗശലയിടം, സ്വതന്ത്ര രചനയ്ക്കായി വരയിടം, തീം അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള്‍, ശിശു സൗഹൃദ ഫര്‍ണിച്ചര്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ആഹ്ലാദകരമായ പഠനാനുഭവവും ശേഷി വികാസവും ഉറപ്പ് വരുത്തുകയാണ് സമഗ്ര ശിക്ഷ കേരള ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ബേക്കല്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത പദ്ധതി പൂര്‍ത്തിയാക്കിയത് പ്രമോദ് രാവണീശ്വരവും നിതിന്‍ വാരിക്കാട്ടും ചേര്‍ന്നാണ്.

date