Skip to main content

തദ്ദേശ സ്ഥാപനങ്ങള്‍ ജനസൗഹൃദമാകണം : സ്പീക്കര്‍ എ.എന്‍.ഷംസീര്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്  പരിശീലന ഹാളിന്റെ ഉദ്ഘാടനവും ശില്പത്തിന്റെ അനാച്ഛാദനവും അംഗീകൃത ലൈബ്രറികള്‍ക്കുള്ള പുസ്തകം, ഫര്‍ണിച്ചര്‍ വിതരണവും നിര്‍വഹിച്ചു

ദൈന്യം ദിന ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ സമീപിക്കുന്ന ഭരണ ആസ്ഥാനമായ തദ്ദേശ സ്ഥാപനങ്ങള്‍ ജന സൗഹൃദമാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ രജത ജൂബിലി സ്മാരക പരിശീലന ഹാളിന്റെ ഉദ്ഘാടനവും രജത ജൂബിലി സ്മാരക ശില്പത്തിന്റെ അനാച്ഛാദനവും അംഗീകൃത ലൈബ്രറികള്‍ക്കുള്ള പുസ്തകം, ഫര്‍ണിച്ചര്‍ വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ഗ്രാമപഞ്ചായത്തും  മുനിസിപ്പാലിറ്റിയും ബ്ലോക്ക് പഞ്ചായത്തും ജനങ്ങളെ സഹായിക്കാനാണ് നില കൊള്ളുന്നത്. എന്നാല്‍ ചെറു ന്യൂനപക്ഷം ഉദ്യോഗസ്ഥര്‍ ജനങ്ങളെ നടത്തിക്കുകയാണ്.  ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കേണ്ടത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തമാണെന്നും ജനങ്ങളെ പരമാവധി സഹായിക്കാനുള്ള മാനസിക തലം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.  അടിസ്ഥാന പശ്ചാത്തല വികസന കാര്യത്തില്‍ കേരളം അതിവേഗം മുന്നേറുകയാണ്. ഈ മുന്നേറ്റം കൈവരിക്കുമ്പോഴും മാലിന്യ സംസ്‌കരണം വലിയ വെല്ലുവിളിയാവുകയാണ്.  വ്യക്തി ശുചിത്വത്തിന് മലയാളികള്‍ നല്‍കുന്ന പരിഗണന പരിസര ശുചിത്വത്തിന് നല്‍കുന്നില്ല.  ഉത്ഭവ സ്ഥലത്ത് തന്നെ സംസ്‌കരിക്കാനാവുന്ന മാലിന്യങ്ങള്‍ അവിടെ തന്നെ സംസ്‌കരിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം. ശാസ്ത്രീയമായ മാലിന്യ പ്ലാന്റ് ഒപ്പം മാലിന്യ സംസ്‌കരണത്തെ കുറിച്ചുള്ള പൊതുബോധം പൊതു സമൂഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ കാഞ്ഞങ്ങാട് നഗരസഭ മുന്‍കൈയ്യെടുക്കണമെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നിര്‍മ്മിച്ച ഗാന്ധിജിയുടെ പ്രതിമ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു. വനിതകള്‍ക്കായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ മത്സര പരീക്ഷ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ ഉപഹാരം നല്‍കി. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി, പുല്ലൂര്‍ - പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷന്‍, മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.വിജയന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ബാബുരാജ്, വി.ഗീത, എ.ദാമോദരന്‍, ഷക്കീല ബഷീര്‍, ലക്ഷ്മി തമ്പാന്‍, കെ.വി.രാജേന്ദ്രന്‍, എം.ജി.പുഷ്പ, പുഷ്പ ശ്രീധര്‍, ബ്ലോക്ക് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം.മാധവന്‍ നമ്പ്യാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.രാജ്‌മോഹന്‍, സി.കെ.ബാബുരാജ്, മുഹമ്മദ് കുഞ്ഞി, വി.കമ്മാരന്‍, എ.വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.യൂജിന്‍ നന്ദിയും പറഞ്ഞു.

 

date