Skip to main content

വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണ പൊതുബോധം വളര്‍ത്തണം : സ്പീക്കര്‍ എ.എന്‍.ഷംസീര്‍ കക്കാട്ട് സ്‌ക്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

കേരളം വിവിധ മേഖലകളില്‍  പുരോഗതി കൈവരിച്ചു മുന്നോട്ടു നീങ്ങുമ്പോഴും മാലിന്യ സംസ്‌കരണം കേരളം നേരിടുന്ന പ്രധാന  പ്രശ്‌നമായി നിലനില്‍ക്കുകയാണെന്ന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. 2020 - 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 കോടി രൂപ ചെലവഴിച്ച്  കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍  നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണത്തെ കുറിച്ചുള്ള പൊതുബോധം സ്‌ക്കൂളില്‍ നിന്ന് തുടങ്ങണം. പ്രീപ്രൈമറി തലം മുതല്‍ കുട്ടികളില്‍ മാലിന്യ സംസ്‌കരണത്തെ കുറിച്ചുള്ള പൊതു ബോധം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ ശ്രമിക്കണം. വ്യക്തി ശുചിത്വം പാലിക്കുമ്പോഴും പലരും ശുചിത്വത്തെ കുറിച്ചു മറക്കുന്നു.  ഇതിനെ കുറിച്ച് കുട്ടികളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോയ ഏഴ് വര്‍ഷത്തിനിടയില്‍ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായത് . അടിസ്ഥാന പശ്ചാത്തല മേഖലയില്‍ വലിയ വികസന മുന്നേറ്റങ്ങളുണ്ടായി. ടെക്‌നോളജി വികാസം പ്രാപിക്കുന്ന കാലത്താണ് എല്ലാവരും ജീവിക്കുന്നത്. ചാറ്റ് ജി.പി.ടി പോലുള്ള അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ വളര്‍ന്ന് വരുമ്പോള്‍ വിയോജിച്ച് നില്‍ക്കല്‍ സാധ്യമല്ല. പക്ഷെ ഇവയുടെയൊക്കെ ഉപയോഗത്തിലൂടെ കടന്നുവരുന്ന അപകടങ്ങളെ കുറിച്ച് മനസിലാക്കാന്‍ സാധിക്കണമെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു.

ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എം.യമുന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌ക്കൂളിനായി നിര്‍മിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ സ്‌ക്കൂള്‍ പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, മടിക്കൈ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രമ പത്മനാഭന്‍, വാര്‍ഡ് അംഗം വി.രാധ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.കെ.വാസു, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.കെഹേമലത, പ്രധാനാധ്യാപകന്‍, അധ്യാപിക വിജയലക്ഷ്മി, ഹൊസ്ദുര്‍ഗ് ബി.പി.സി കെ.വി.രാജേഷ്, കാഞ്ഞങ്ങാട് മുന്‍ എം.എല്‍.എ എം.നാരായണന്‍,  പഞ്ചായത്ത് മുന്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.രാജന്‍, മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.എം.കെ.രാജശേഖരന്‍, മടിക്കൈ പഞ്ചായത്ത് ആസൂത്രണ ബോര്‍ഡ് അംഗം കെ.പ്രഭാകരന്‍ , മദര്‍ പി.ടി.എ പ്രസിഡന്റ് ശാന്തിനി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് വി.എ.നാരായണന്‍, സീനിയര്‍ അസിസ്റ്റന്റ് കെ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ വി.പ്രകാശന്‍ സ്വാഗതവും പി.ടി.എ പ്രസിഡന്റ് കെ.വി.മധു നന്ദിയും പറഞ്ഞു.

date