Skip to main content

ഭിന്നശേഷി വിദ്യാർഥികൾക്ക് എല്ലാ ഉപകരണങ്ങളും ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക എന്നതിനു പുറമേ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ലഭ്യമായ എല്ലാ ഉപകരണങ്ങളും നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രഥമ കേരള സ്‌കൂൾ എജുക്കേഷൻ കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ എല്ലാ പൊതുമേഖലാ വിദ്യാലയങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒട്ടേറെ വിദ്യാലയങ്ങൾ ഈ ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. ഇതോടൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ലഭ്യമാക്കാവുന്ന എല്ലാ ഉപകരണങ്ങളും നൽകും. സ്‌കൂൾ വിദ്യാഭ്യാസമേഖലയിലെ വിദഗ്ധരും സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും സ്ഥാപനങ്ങളും തമ്മിൽ കൂടുതൽ ആശയവിനിമയം വേണ്ടതുണ്ട് എന്നാണ് സ്‌കൂൾ കോൺഗ്രസിന് ശേഷം മനസ്സിലാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ രംഗം എത്ര ഗൗരവകരമായി ആണ് വീക്ഷിക്കുന്നത് എന്ന് കോൺഗ്രസ് അടിവരയിടുന്നു. കോൺഗ്രസിലെ ഗവേഷണ വിദ്യാർഥികളുടെ കൂടിയ പങ്കാളിത്തം പ്രതീക്ഷ പകരുന്നതാണ്. വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങൾ കുറേക്കൂടി സൂക്ഷ്മമായ വിശകലനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്.

വരും വർഷങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൂടുതൽ വിദ്യാഭ്യാസ വിചക്ഷണരെ ഉൾപ്പെടുത്തി സ്‌കൂൾ വിദ്യാഭ്യാസ കോൺഗ്രസ് സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകി. സ്‌കൂൾ അധ്യാപകർക്ക് മികച്ച പരിശീലനം ലഭ്യമാക്കുമെന്നും ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാൻ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമാപനം ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മൊത്തം സർക്കാർ ജീവനക്കാർക്ക് നൽകുന്ന ശമ്പളത്തിന്റെ 47 ശതമാനം പൊതുമേഖലയിലെ അധ്യാപകർക്ക് വേണ്ടിയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് വിദ്യാഭ്യാസത്തിന് സംസ്ഥാനം നൽകുന്ന പ്രാധാന്യം തെളിയിക്കുന്നു.

സ്‌കൂളുകളുടെ എണ്ണത്തിൽ സംസ്ഥാനം മുൻപന്തിയിൽ ആണെങ്കിലും ഗുണമേന്മയുടെ കാര്യത്തിലും മാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം ഭാവി മുന്നിൽ കണ്ടുകൊണ്ടാകണം. മൂന്ന് ദിവസങ്ങളിലായി നടന്ന സ്കൂൾ കോൺഗ്രസിൽ 322 പ്രതിനിധികൾ പങ്കെടുത്തു.  ഇതിൽ 38 പേർ കേരളത്തിന് പുറത്തു നിന്നായിരുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിമാർ, ഫിൻലൻഡിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽസിങ്കിയിൽ നിന്നുള്ള പ്രൊഫ ജോന്ന കാംഗസ് എന്നിവർ പങ്കെടുത്തവരിൽ ഉൾപ്പെടും. 132 പ്രബന്ധങ്ങൾ കോൺഗ്രസിൽ അവതരിക്കപ്പെട്ടു. പ്രീ-സ്‌കൂൾ വിദ്യാഭ്യാസം,  ലിംഗനീതി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, നൂതന ബോധനരീതി തുടങ്ങി വ്യത്യസ്ത മേഖലകളിൽ സെഷനുകളും ചർച്ചകളും നടന്നു. മികച്ച പ്രബന്ധാവതാരകർ മന്ത്രിമാരിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. പോസ്റ്റർ പ്രസന്റേഷനിൽ പ്രോത്സാഹന സമ്മാനം നേടിയ കൊല്ലം തേവന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥി ദീപക് അരുൺ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,  ഡയറക്ടർ ജീവൻ ബാബു കെ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1611/2023

date