Skip to main content

വൈക്കം സത്യഗ്രഹം രാജ്യത്തിന് വഴികാട്ടിയ പോരാട്ടം: മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

കോട്ടയം: വൈക്കം സത്യഗ്രഹം രാജ്യത്തിന് വഴി കാട്ടിയ പോരാട്ടമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർന്ന് നിർവഹിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനൊപ്പം തമിഴ് നാടിന്റെ സാമൂഹിക   മാറ്റത്തിനും വൈക്കം സത്യഗ്രഹം സഹായകമായി. തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും അയിത്തത്തിനും എതിരായി നടന്ന വൈക്കം സത്യഗ്രഹം തന്റെ അയിത്തത്തിനെതിരായ സമരത്തിന് കരുത്തേകിയതായി ഡോ. ബി.ആർ. അംബേദ്കർ സൂചിപ്പിച്ചിട്ടുണ്ട്. ഈറോഡിലും ശുചീന്ദ്രത്തിലും തിരുവണ്ണാമലയിലും മധുരയിലും മയിലാടുതുറയിലും ക്ഷേത്ര പ്രവേശനത്തിനായി നടന്ന  സമരങ്ങൾക്ക് കാരണമായത് വൈക്കം സത്യഗ്രഹമാണ്. വൈക്കത്തിന്റെ മണ്ണിൽ നിൽക്കുന്നത് അഭിമാനമായി കാണുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.മഹാത്മാ ഗാന്ധി, പെരിയാർ , ടി.കെ. മാധവൻ അടക്കം  നൽകിയ സംഭാവനകളെ അദ്ദേഹം സ്മരിച്ചു. മലയാളത്തിലാണ് സ്റ്റാലിൻ പ്രസംഗം ആരംഭിച്ചത്. തുടർന്ന് തമിഴിലേക്ക് മാറി.

date