Skip to main content

ജില്ലയിൽ ആറ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ കൂടി

**ഉദ്ഘാടനം ഇന്ന്(ഏപ്രിൽ അഞ്ച്) മന്ത്രി കെ.രാജൻ നിർവഹിക്കും

തിരുവനന്തപുരം ജില്ലയിൽ പുതുതായി നിർമിച്ച ആറു സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ കൂടി ഇന്ന് (ഏപ്രിൽ അഞ്ച്) തുറക്കും. നെടുമങ്ങാട് താലൂക്കിലെ വിതുര, തിരുവനന്തപുരം താലൂക്കിലെ കുടപ്പനകുന്ന്, കാട്ടാക്കട താലൂക്കിലെ മണ്ണൂർക്കര, അമ്പൂരി, നെയ്യാറ്റിൻകര താലൂക്കിലെ വെള്ളറട, കൊല്ലയിൽ എന്നീ സ്മാർട്ട് വില്ലേജ് ഓഫീസുകളാണ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നാടിന് സമർപ്പിക്കുന്നത്. 44 ലക്ഷം രൂപ വീതം മുടക്കി ആധുനിക സൗകര്യങ്ങളോടെയാണ് ഓരോ വില്ലേജ് ഓഫീസ് കെട്ടിടങ്ങളും പണികഴിപ്പിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് മികച്ച സേവനം ലഭ്യമാക്കാനായി ഫ്രണ്ട് ഓഫീസ്, കാത്തിരിപ്പ് കേന്ദ്രം, ഇരിപ്പിട- കുടിവെള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് സൗകര്യം എന്നിവയോടെയാണ് ഓരോ സ്മാർട്ട് വില്ലേജ് ഓഫീസുകളും തുറക്കുന്നത്.

കുടപ്പനകുന്ന് സ്മാർട്ട് വില്ലേജിന്റെ ഉദ്ഘാടനം രാവിലെ പതിനൊന്നിന് വി.കെ പ്രശാന്ത് എം.എൽ.എയുടെ അധ്യക്ഷതയിലും വിതുര, മണ്ണൂർക്കര വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും നടക്കും. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ യഥാക്രമം വൈകുന്നേരം നാലിനും അഞ്ചിനും ആറിനുമാണ് അമ്പൂരി, വെള്ളറട, കൊല്ലയിൽ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം. ചടങ്ങുകളിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമുദായിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുക്കും.

date