Skip to main content

ജി-ബിന്‍ വിതരണം

അടുക്കള മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ച് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് അയിരൂര്‍ ഗ്രാമപഞ്ചായത്ത്. ഉറവിട മാലിന്യ സംസ്‌കരണത്തിനായി ഗ്രാമപഞ്ചായത്തിലെ 175 ഗുണഭോക്താക്കള്‍ക്ക് ഹോം കമ്പോസ്റ്റ് യൂണിറ്റ് ജി-ബിന്‍ വിതരണം അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ 2022- 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7,94,000 രൂപ ചെലവഴിച്ചാണ് ജി-ബിന്‍ വിതരണം നടത്തിയത്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ കൂടുതല്‍ ഗുണഭോക്താക്കളില്‍ എത്തുന്നതിനായി പുതിയ വാര്‍ഷിക പദ്ധതിയിലും ഉള്‍പെടുത്തിയിട്ടുണ്ട്.
മള്‍ട്ടിലെയര്‍ മൈക്രോബിയല്‍  സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്ന ജി-ബിന്നില്‍ മൂന്ന് ബിന്നുകളാണ് ഉള്ളത്. മാലിന്യം വിഘടിക്കുമ്പോഴുള്ള ദുര്‍ഗന്ധമോ മലിനജല പ്രശ്നങ്ങളോ ജി-ബിന്നില്‍ ഇല്ല. മാലിന്യം ഉണ്ടാകുന്നയിടത്തു വച്ച് തന്നെ  സംസ്‌കരിച്ച് ജൈവവളമാക്കി ജി -ബിന്നില്‍ മാറ്റാം. ഈ വളം അടുക്കള തോട്ടത്തില്‍ ഉപയോഗിക്കാം. വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ജയശ്രീ, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാംകുട്ടി അയ്യങ്കാവ്, വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീജ വിമല്‍ , വാര്‍ഡ് അംഗങ്ങളായ അംബുജ ഭായി, ബെന്‍സണ്‍ പി.തോമസ്, പ്രഭാവതി, മറിയം തോമസ്, എന്‍.ജി ഉണ്ണിക്കൃഷ്ണന്‍, അനുരാധ ശ്രീജിത്ത്, സോമശേഖരന്‍ നായര്‍, കെ.ടി സുബിന്‍, പ്രദീപ് അയിരൂര്‍, അനിതാകുറുപ്പ്, അഡ്വ. ശ്രീകല ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 1080/23)

date