Skip to main content

വടക്കാഞ്ചേരിക്ക് മാലിന്യം ഒരു പ്രശ്‌നമല്ല: സര്‍വ്വശുദ്ധി രണ്ടാംഘട്ടത്തിലേക്ക്

വടക്കാഞ്ചേരി നഗരസഭയ്ക്ക് മാലിന്യം ഇനിയൊരു പ്രശ്‌നമല്ല. മാലിന്യസംസ്‌കരണത്തിനായുള്ള സമഗ്ര മാതൃകകളുമായി സര്‍വ്വശുദ്ധി രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നു.

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരം നേടിയ വടക്കാഞ്ചേരി നഗരസഭ നൂറു ശതമാനം മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. ഈ സാമ്പത്തിക വർഷത്തിൽ നഗരസഭയിലെ മുഴുവൻ വീടുകളും സര്‍വ്വശുദ്ധി പദ്ധതിക്ക് കീഴിൽ കൊണ്ടുവരാനാണ് നഗരസഭാ ലക്‌ഷ്യം വെക്കുന്നത്.

ഹരിതകര്‍മ്മസേനകള്‍ വഴി വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കും. ജൈവമാലിന്യ സംസ്‌കരണത്തിനായി സബ്‌സിഡിയോട് കൂടി ബയോ ബിന്നുകൾ വിതരണം ചെയ്യും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബയോഗ്യാസ് പ്ലാന്റും കമ്പോസ്റ്റ് പിറ്റുകളും തയ്യാറാക്കി. ഗാര്‍ഹിക അജൈവമാലിന്യ സംസ്‌കരണത്തിനായി 10 ടണ്‍ പ്രതിദിന സംഭരണശേഷിയുള്ള കമ്പോസ്റ്റ് പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

 മാലിന്യ സംസ്‌കരണത്തിനായുള്ള സര്‍വ്വശുദ്ധി പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ണ്ണ വിജയമായിരുന്നു. സ്വരാജ് ട്രോഫി പുരസ്‌കാരത്തിനുപുറമെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവര്‍ത്തനത്തിന് ഒന്നാം സ്ഥാനം, 2022ലെ സ്വച്ഛ് സര്‍വേയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ദേശീയതലത്തിൽ അംഗീകാരവും തുടങ്ങി വിവിധ പുരസ്‌കാരങ്ങൾക്ക് നഗരസഭയെ അർഹമാക്കിയത് മാലിന്യസംസകരണത്തിലെ മാതൃകാപരമായ പ്രവർത്തനങ്ങളാണ്. പുതിയ നഗരസഭ എന്ന പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടാണ് വടക്കാഞ്ചേരി ഈ നേട്ടങ്ങൾ കൊയ്തത്.

 സര്‍വ്വശുദ്ധിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുന്നതോടെ നഗരപരിധി പൂർണമായും മാലിന്യമുക്തമാകും. മാലിന്യമായി പുറന്തള്ളിയിരുന്ന വസ്തുക്കള്‍ അസംസ്‌കൃത വസ്തുക്കളാകും. ഇവ വളമായും റോഡ്, കെട്ടിട നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുമാക്കി മറ്റും. മാലിന്യ സംസ്‌കരണം വെല്ലുവിളിയാകുന്ന കാലഘട്ടത്തില്‍ വടക്കാഞ്ചേരി ട്രാക്കിലാണ്. വികസന പാതയില്‍ അതിവേഗ കുതിപ്പിലാണ്.

date