Skip to main content

വേനല്‍ക്കാല സുരക്ഷ: കനാലുകള്‍, ജലസംഭരണികളിലെ ചോര്‍ച്ച അടിയന്തരമായി പരിഹരിക്കാന്‍ നിര്‍ദ്ദേശം

കെ ഐ പി കനാലുകളിലെയും ജലസംഭരണികളിലെയും ചോര്‍ച്ച പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍ദ്ദേശം നല്‍കി. വേനല്‍ക്കാല സുരക്ഷ സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ജില്ലയില്‍ കനാലുകളില്‍ എവിടെയൊക്കെ ചോര്‍ച്ച ഉണ്ടെന്ന വിശദറിപ്പോര്‍ട്ട് നല്‍കണം. ചോര്‍ച്ച പരിഹരിച്ച് ശുചീകരണം നടത്തുന്നതിനുള്ള പ്രത്യേക എസ്റ്റിമേറ്റ് തയ്യാറാക്കാനും കലക്ടര്‍ ആവശ്യപ്പെട്ടു. വെള്ളം എത്തിക്കാന്‍ ഇതുവരെ കഴിയാത്ത കെ ഐ പി കനാലിന്റെ ഭാഗങ്ങളില്‍ തടസം മാറ്റാനുള്ള നടപടികള്‍ വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍ദേശിച്ചു.

അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കാട്ടുതീ തടയുക, ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കുക, മാലിന്യശേഖരണത്തിലെ സുരക്ഷ ഉറപ്പാക്കുക, വേനലിന് അനുസൃതമായി തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കല്‍ എന്നിവയും യോഗം വിലയിരുത്തി. കൊല്ലം പൂരവുമായി ബന്ധപ്പെട്ട സുരക്ഷ, മാലിന്യ നിര്‍മാര്‍ജനം എന്നിവയുടെ വിശദ റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ ഏപ്രില്‍ ഏഴിനകം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം ആര്‍ ബീനാറാണി, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date