Skip to main content

വന്യജീവികളെ മറന്നുള്ള മനുഷ്യരുടെ സംരക്ഷണവും മനുഷ്യനെ മറന്നുള്ള വന്യജീവി സംരക്ഷണവും പ്രായോഗികമല്ല സര്‍ക്കാരിന്റേത്  സമതുലിത നിലപാട് : വനം മന്ത്രി എ.കെ.ശശീന്ദ്രന്‍

മനുഷ്യനെ മറന്നു കൊണ്ടുള്ള വന്യജീവി സംരക്ഷണവും വന്യജീവികളെ മറന്നു കൊണ്ടുള്ള മനുഷ്യരുടെ സംരക്ഷണവും എന്നൊരു നിലപാട് സ്വീകരിക്കാന്‍ കഴിയുകയില്ല. ഇക്കാര്യത്തില്‍ സംതുലിതമായ ഒരു നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കുറ്റിക്കോല്‍ സോപാനം ഓഡിറ്റോറിയത്തില്‍ നടന്ന വന സൗഹൃദ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വനാതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് സാര്‍ത്ഥകമായി. കാറഡുക്ക വന്യജീവി പ്രതിരോധ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കുമെന്ന് യോഗത്തില്‍ വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉറപ്പു നല്‍കി. കാട്ടാനാക്രമണം, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയുടെ ശല്യം, വനഭൂമിയിലെ റോഡ് നവീകരണം, കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി, വന്യജീവി ആക്രമണം നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരം,  മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസധനം വര്‍ധിപ്പിക്കല്‍, വനമേഖലയോട് ചേര്‍ന്ന് ഇക്കോ ടൂറിസം പദ്ധതി, വനത്തെ അറിയുന്നവരെ വാച്ചര്‍മാരായി നിയമിക്കുക എന്നിങ്ങനെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഉന്നയിച്ച എല്ലാ വിഷയങ്ങള്‍ക്കും 15 ദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വാച്ചര്‍മാരുടെ ശമ്പള കുടിശ്ശിക 2022 ഡിസംബര്‍ വരെയുള്ളത് കൊടുത്തുതീര്‍ത്തിട്ടുണ്ട്. 2023 ജനുവരി, മാര്‍ച്ച് മാസങ്ങളിലേത് വൈകാതെ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നഷ്ടപരിഹാരം നല്‍കുന്നതിന് സംസ്ഥാനത്ത്  50 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട.് ആഴ്ചകള്‍ക്കകം നഷ്ടപരിഹാരത്തുക കൂടി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍കോട് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍നിന്ന് 43 ബീറ്റ് ഓഫീസര്‍മാരെ വൈകാതെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.

കാസര്‍കോട് ജില്ലയിലെ പാണ്ടിയില്‍ ആര്‍.ആര്‍.ടി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിച്ച് പരിഹാരം കാണുന്നതിനുള്ള പുതുമയാര്‍ന്ന സംവാദ പരിപാടിയാണ് വന സൗഹൃദ സദസ്സ് . വനംവകുപ്പുദ്യോഗസ്ഥര്‍ ജനസൗഹൃദമാകണമെന്നും മന്ത്രി പറഞ്ഞു .പുതിയ വാഹനങ്ങള്‍ ജില്ലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വന്യജീവികളുടെ ആവാസ മേഖലകളില്‍ അതിക്രമിച്ച് കടക്കുകയും അവരുടെ ആവാസ മേഖലയെ ഇല്ലാതാക്കുകയും ചെയ്യുന്ന ദൗര്‍ഭാഗ്യമായ പ്രവണത നമ്മുടെ മലയോരമേഖലയിലുണ്ട് ഇതിനെതിരെ ശക്തമായ പ്രചാരണം ഉണ്ടാകണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
വനംവകുപ്പ് ജീവനക്കാര്‍ ജനങ്ങളുടെ സുഹൃത്തുക്കളായും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരായും മാറണം. ഒരു ജനസൗഹൃദ വകുപ്പാക്കി വനംവകുപ്പിനെ മാറ്റണം ജനങ്ങളുടെ സംരക്ഷകരാകാന്‍ വകുപ്പിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നാളത്തെ തലമുറയെ മുന്നില്‍ കണ്ടു ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ടൂറിസവുമായി ബന്ധപ്പെട്ട് അനന്ത സാധ്യതകള്‍ ഉള്ള പ്രദേശമാണ് കാസര്‍കോട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീരമലക്കുന്ന് പദ്ധതി നല്ലനിലയില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ പദ്ധതി പൂര്‍ത്തിയാക്കി അടുത്തതിലേക്ക് കടക്കും. വന്യജീവി ആക്രമത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നമ്മള്‍ വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് തന്നെ മാതൃക കാട്ടിയ കാസര്‍കോട് ജില്ലാ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. ആന പ്രതിരോധ  പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ എല്ലാ പിന്തുണയും വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകും. വനാശ്രിത മേഖലയിലെ പട്ടികവര്‍ഗക്കാര്‍ വനവും വന്യജീവികളുമായി ബന്ധമുള്ള ആള്‍ക്കാരാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനാശ്രിത മേഖലയില്‍ പിന്നാക്ക വര്‍ഗക്കാര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ തിരഞ്ഞെടുത്തത്. 375 പേര്‍ക്ക് ഇതിനകം നിയമനം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

കുറ്റിക്കോല്‍ സോപാനം ഓഡിറ്റോറിയത്തില്‍ നടന്ന വന സൗഹൃദ സദസ്സില്‍ തുറമുഖം, പുരാവസ്തു പുരാരേഖ, മ്യൂസിയം വകുപ്പ്മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍,  കാഞ്ഞങ്ങാട് സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായി.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു, ഗ്രാമപഞ്ചായത്തു പ്രസിഡണ്ടുമാരായ മുരളി പയ്യങ്ങാനം (കുറ്റിക്കോല്‍), ജെ.എസ്.സോമശേഖര (എന്‍മകജെ), ജീന്‍ ലവിനോ മൊണ്ടേരോ (മഞ്ചേശ്വരം), എസ്.ഭാരതി (വോര്‍ക്കാടി), എം.ധന്യ (ബേഡഡുക്ക), ടി.കെ.നാരായണന്‍ (കള്ളാര്‍), ഗിരിജ മോഹന്‍ (വെസ്റ്റ് എളേരി), എച്ച്.മുരളി (കുറ്റിക്കോല്‍), രാജു കട്ടക്കയം (ബളാല്‍), പി.വി.മിനി (മുളിയാര്‍), അബ്ദുള്ള (വൈസ്പ്രസിഡന്റ് ദേലംപാടി), പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജയപ്രസാദ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ്.ജി.കൃഷ്ണന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ കെ.എസ്.ദീപ, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ബിജു, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ധനേഷ് കുമാര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജീവന്‍, ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത്ത്കെ.രാമന്‍, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് പി.ധനേഷ് കുമാര്‍, ഡി.എഫ്.ഒ അജിത് കെ.രാമന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ചാര്‍ജ് കെ.ആനന്ദ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബി.എസ്.അനുരാധ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം കെ.കൃഷ്ണന്‍, കുറ്റിക്കോല്‍ പഞ്ചായത്തംഗം മാധവന്‍ വെള്ളാല, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്.ദീപ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം.അനന്തന്‍, കെ. ബലരാമന്‍ നമ്പ്യാര്‍, കെ.കുഞ്ഞിരാമന്‍, ജോസഫ് മൈക്കിള്‍, ഇ.ടി.മത്തായി, എം.ഹമീദ് ഹാജി, മഹേഷ് ഗോപാലന്‍, സണ്ണി അരമന, സുരേഷ് പുതിയടത്ത്, രാഘവന്‍ കൂലേരി, ജെറ്റോ ജോസഫ്, വി.കെ രമേശന്‍ എന്നിവര്‍ സംസാരിച്ചു. ഫോറസ്റ്റ്സ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്ലാനിംഗ് ആന്റ് ഡവലപ്പ്മെന്റ് ഡി.ജയപ്രസാദ് സ്വാഗതവും കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ബിജു നന്ദിയും പറഞ്ഞു. ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  

സംസ്ഥാനത്ത് ആദ്യമായി ആന പ്രതിരോധ പദ്ധതി നടപ്പാക്കിയ കാറഡുക്ക ബ്ലോക്ക് പ്രസിഡന്റ് സിജി മാത്യുവിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.

date