Skip to main content

സംശയങ്ങളൊഴിഞ്ഞു; സിവില്‍ സര്‍വ്വീസ് മോഹവുമായി വിദ്യാര്‍ത്ഥികള്‍ മടങ്ങി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി കാഞ്ഞങ്ങാട് സബ് സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സിവില്‍ സര്‍വീസ് പരിശീലന ഓറിയന്റേഷന്‍ ക്ലാസിലെത്തിയ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വ്വീസ് മോഹവുമായി മടങ്ങി. അസാപ്പ് സ്‌കില്‍ പാര്‍ക്കിലെത്തിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംതൃപ്തരായാണ് മടങ്ങിയത്.

പാണ്ടിയിലാണ് ഞങ്ങളുടെ വീട്. എന്നാലും കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലുള്ള സബ് സെന്ററിലേക്ക് മകള്‍ ഉണ്ണിമായയെ അയക്കുമെന്ന് രക്ഷിതാവ് ഉദയകുമാര്‍ പറഞ്ഞു. വാഹന സൗകര്യവും ദൂരക്കൂടുതലുമൊന്നും മകളുടെ ആഗ്രഹത്തിനും വളര്‍ച്ചയ്ക്കും തടസ്സമാകരുതെന്ന് നിര്‍ബന്ധമുണ്ട് ഈ രക്ഷിതാവിന്.

കേന്ദ്രീയ വിദ്യാലയം രണ്ടിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ദേവദത്ത്  സിവില്‍ സര്‍വ്വീസിനെക്കുറിച്ച് അടുത്തറിയാനാണ് ക്ലാസിലെത്തിയത്. ക്ലാസിന് ശേഷം കൂടുതല്‍ ആകൃഷ്ടനായെന്നും വീട്ടുകാരുമായി സംസാരിച്ച് മോഹത്തിന് പിന്നാലെ പോകുമെന്ന് പറഞ്ഞു. ചെമ്മനാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അബ്ദുള്‍ഖാദറും കുമ്പള ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഖദീജത്ത് ലുബ്നയും സിവില്‍ സര്‍വ്വീസ് മോഹം കൂടെ കൂട്ടിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് നടത്തിയ ഓറിയന്റേഷന്‍ ക്ലാസില്‍ കേരള സിവില്‍സര്‍വ്വീസ് അക്കാദമി പാലക്കാട് സെന്റര്‍ കോ-ഓഡിനേറ്റര്‍ കെ.എം.ഫിറോഷ്, കേരള സിവില്‍സര്‍വ്വീസ് അക്കാദമി പാലക്കാട് സെന്റര്‍ ഫാക്കല്‍റ്റി കെ.ദര്‍വീഷ് എന്നിവര്‍ ക്ലാസെടുത്തു. സിവില്‍ സര്‍വ്വീസിനെ എങ്ങനെ കാണണം, ഏത് രീതിയിലുള്ള വായനയാണ് ആവശ്യം, എങ്ങിനെ ആദ്യ അവസരത്തില്‍ തന്നെ പാസാകാം, അതിന്റെ പ്രാധാന്യം, ആവശ്യമായ പുസ്തകങ്ങള്‍, പത്രവായനയുടെ പ്രാധാന്യം തുടങ്ങി വിവിധ വിഷയങ്ങള്‍ ക്ലാസിന്റെ ഭാഗമായി അവതരിപ്പിച്ചു. കേരള സിവില്‍ സര്‍വ്വീസ് അക്കാദമി കാഞ്ഞങ്ങാട് സബ്സെന്റര്‍ കോ-ഓഡിനേറ്റര്‍ കെ.വി.ശ്രീരാജ് സംസാരിച്ചു.
 

date